ഭാര്യയ്ക്ക് വരുമാനമുണ്ട് എന്ന കാരണം പറഞ്ഞ് ജീവനാംശം നിഷേധിക്കാൻ ഭർത്താവിന് കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി
തൊഴിലോ ശമ്പളമോ മറ്റ് വരുമാന സ്രോതസ്സുകളോ ചൂണ്ടിക്കാട്ടി ഭാര്യയ്ക്ക് ജീവനാംശം നൽകാനുള്ള ബാധ്യതയിൽനിന്ന് ഒഴിഞ്ഞു മാറാൻ ഭർത്താവിനാവില്ലെന്ന് ഒരു സുപ്രധാന വിധിയിലൂടെ ഓർമപ്പെടുത്തി ഡൽഹി ഹൈക്കോടതി.
ഭാര്യയ്ക്ക് ഇടക്കാല ജീവനാംശമായി 33,000 രൂപ അനുവദിച്ച വിചാരണ കോടതി ഉത്തരവിനെതിരായി ഭർത്താവ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് സുപ്രധാനമായ വിധി നൽകിയത്. ഈ വ്യവസ്ഥയ്ക്ക് പിന്നിലെ ലക്ഷ്യം വിവാഹശേഷം ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളുടെ അനാഥത്വവും നിരാലംബതയും തടയുക എന്നതാണ്.
മുമ്പ് അധ്യാപികയായി ജോലി ചെയ്തിരുന്നതിനാൽ ഉപജീവനം നടത്താൻ ഭാര്യ പ്രാപ്തയാണെന്ന ഹർജിക്കാരന്റെ വാദങ്ങൾ കോടതി തള്ളി. ഭാര്യ സ്വന്തമായി സമ്പാദിക്കാൻ പ്രാപ്തയാണ് എന്നതുകൊണ്ടുമാത്രം ഇടക്കാല ജീവനാംശം നിഷേധിക്കാനാവില്ല. കുടുംബത്തിന് വേണ്ടി മാത്രമാണ് ഭാര്യമാർ തങ്ങളുടെ കരിയർ ത്യജിക്കുന്നത്. സൈനിക ഉദ്യോഗസ്ഥനായതിനാൽ ആംഡ് ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരം മെയിന്റനൻസ് ക്ലെയിം തീരുമാനിക്കണമെന്ന ഭർത്താവിന്റെ വാദവും കോടതി തള്ളി.