ഡൽഹി മദ്യ ലൈസൻസ് അഴിമതിക്കേസ്; മലയാളി ബിസിനസുകാരൻ വിജയ് നായർ ഇഡി കസ്റ്റഡിയിൽ
ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ മദ്യ ലൈസൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മലയാളി വ്യവസായി വിജയ് നായരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. കേസിൽ വിജയ് നായരെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലിരിക്കെ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇഡിയുടെ അറസ്റ്റ്. ആം ആദ്മി പാർട്ടിയുടെ കമ്മ്യൂണിക്കേഷൻസ് വിഭാഗം മേധാവി കൂടിയാണ് മുംബൈ ആസ്ഥാനമായുള്ള ഒഎംഎൽ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയുടെ മുൻ സിഇഒ വിജയ് നായർ. ഹൈദരാബാദിലെ ബിസിനസുകാരനായ അഭിഷേക് ബോയിൻപള്ളിക്കൊപ്പമാണ് വിജയ് നായരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം നവംബറിൽ ഡൽഹി സർക്കാർ ആവിഷ്കരിച്ച മദ്യനയം നടപ്പാക്കിയതിൽ ക്രമക്കേടുണ്ടെന്ന ഡൽഹി ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ലഫ്റ്റനന്‍റ് ഗവർണർ വി കെ സക്സേന സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിവാദത്തെ തുടർന്ന് മദ്യനയം പിൻവലിക്കുകയും ചെയ്തിരുന്നു.