ആന്റിബയോട്ടിക് ഉപയോഗത്തിൽ ഒന്നാമത് ഡൽഹി; തൊട്ടു പിന്നിൽ പഞ്ചാബും തെലങ്കാനയും
ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗത്തിന്‍റെ കാര്യത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് ഡൽഹി. ജേണൽ ഓഫ് ആന്‍റിമൈക്രോബയൽ റെസിസ്റ്റൻസിന്‍റെ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ച ആന്‍റിബയോട്ടിക്കുകളുടെ വാർഷിക ഉപഭോഗത്തെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് അനുസരിച്ച് 2011 നും 2019 നും ഇടയിൽ ആന്‍റിബയോട്ടിക്കുകളുടെ ഏറ്റവും ഉയർന്ന ഉപഭോഗം ഡൽഹിയിൽ രേഖപ്പെടുത്തി. പഞ്ചാബ് രണ്ടാം സ്ഥാനത്തും, തെലങ്കാന മൂന്നാം സ്ഥാനത്തുമാണ്. ആന്‍റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗമോ ദുരുപയോഗമോ വർദ്ധിച്ച ആന്‍റിമൈക്രോബയൽ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് പലപ്പോഴും തൃതീയ ആന്‍റിബയോട്ടിക്കുകളോട് പോലും പ്രതികരിക്കാത്ത സൂപ്പർബഗുകളുടെ ആവിർഭാവത്തിലേക്ക് നയിച്ചതായി വിദഗ്ധർ പറയുന്നു. എന്നിരുന്നാലും, ദേശീയ തലത്തിൽ ആന്‍റിബയോട്ടിക്കുകളുടെ ഉപഭോഗത്തിൽ മൊത്തത്തിൽ കുറവുണ്ടായി എന്നാണ് റിപ്പോർട്ട്. എന്നാൽ ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗത്തിലെ വർദ്ധനവിന്‍റെയും കുറവിന്‍റെയും കാര്യത്തിൽ സംസ്ഥാനങ്ങൾ തമ്മിൽ വലിയ വ്യത്യാസമുണ്ട്.