ഡെൽറ്റ വകഭേദം വീണ്ടും റിപ്പോർട്ടു ചെയ്തു, നാലര ദശലക്ഷം ജനസംഖ്യയുള്ള നഗരം അടച്ചിട്ട് ചൈന.

കോവിഡ് വൈറസിനോടുള്ള രാജ്യത്തിൻ്റെ 'സീറോ ടോളറൻസ് ' നയം ഒരിക്കൽ കൂടി വ്യക്തമാക്കി ചൈന. നഗരത്തിൽ പലയിടങ്ങളിലായി ഒരു ഡസൻ കേസുകൾ റിപ്പോർട്ടു ചെയ്തതോടെ നാലര ദശലക്ഷം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നഗരം പൂർണമായി ലോക് ഡൗൺ ചെയ്ത് മാസ് ടെസ്റ്റിങ്ങിന് നിർദേശം നൽകിയിരിക്കുകയാണ് ചൈനീസ് അധികൃതർ. അപകടകാരിയായ ഡെൽറ്റ വകഭേദമാണ് നഗരത്തിൽ കണ്ടെത്തിയത്.

ചൈനയുടെ തെക്കു കിഴക്കൻ പ്രവിശ്യയായ ഫുജിയാനിലാണ് സംഭവം. ഷിയാമെൻ നഗരത്തിലേക്ക് പ്രവേശിക്കാനും നഗരത്തിൽ നിന്ന് പുറത്തേക്കു പോകാനുമുള്ള വഴികൾ മുഴുവൻ അടച്ചു കഴിഞ്ഞു. റസിഡൻഷ്യൽ കോമ്പൗണ്ടുകളും സിനിമാ തിയേറ്ററുകളും ബാറുകളും റസ്റ്റോറൻ്റുകളും അടച്ചിട്ടു.

ചൈനീസ് നഗരമായ വുഹാനിലാണ് ലോകത്ത് ആദ്യമായി കോവിഡ് വൈറസ് ബാധ റിപ്പോർട്ടു ചെയ്തത്. എന്നാൽ വൈറസിനെ ചൈന അതിവേഗം നിയന്ത്രണ വിധേയമാക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ചൈനയിലെ മരണ നിരക്കും കുറവായിരുന്നു.

കർശനമായ നിയന്ത്രണങ്ങളും പഴുതടച്ച പ്രതിരോധ പ്രവർത്തനങ്ങളുമാണ് ചൈനയിൽ കണ്ടുവരുന്നത്. ഇന്നു മുതൽ ഷിയാമെൻ നഗരത്തിലെ കിൻ്റർഗാർട്ടനുകൾ, പ്രൈമറി, മിഡിൽ സ്കൂളുകൾ എന്നിവ പ്രവർത്തിക്കുകയില്ലെന്ന് അധികൃതർ വ്യക്തമാക്കി. മറ്റു പ്രവിശ്യകളിലേക്കുള്ള വാഹന ഗതാഗതവും നിർത്തിവെച്ചിട്ടുണ്ട്. വ്യാപകമായ ടെസ്റ്റിങ്ങിനും ട്രെയ്സിങ്ങിനുമുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.

Related Posts