ശ്രുതി കാർത്തികേയന്റെ ദുരൂഹമരണം; സമഗ്ര അന്വേഷണം നടത്തുക. ആക്ഷൻ കൗൺസിൽ.

2021ഓഗസ്റ്റ് 17ന് ഈറോഡ് വെച്ച് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട എൽ.എൽ.ബി വിദ്യാർത്ഥിനിയും എടമുട്ടം സ്വദേശികളായ തറയിൽ കാർത്തികേയന്റെയും കൈരളിയുടെയും മകളുമായ ശ്രുതി കാർത്തികേയന്റെ മരണത്തെ കുറിച്ച് ശരിയായ അന്വേഷണം മുന്നോട്ടു കൊണ്ടു പോകണമെന്ന ആവശ്യവുമായി വലപ്പാട് പഞ്ചായത്ത് തലത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. പഠനാർത്ഥം ബാംഗ്ലൂരിലായിരിക്കെ സഹപാഠിയായിരുന്ന എറണാകുളം സ്വദേശിയായ ഹരികൃഷ്ണനുമായി ഒരുമിച്ചു തമിഴ്നാട്ടിലെ ഈറോടെത്തിയ ശ്രുതിയെ വിഷം അകത്ത് ചെന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ ആയിരുന്ന ഹരികൃഷ്ണൻ ആശുപത്രി വിടുകയും ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വാരിയെല്ലിന് ക്ഷതം സംഭവിച്ചതായി കാണുന്നുണ്ട്. ശ്രുതിയുടെ മരണത്തിലെ ദുരൂഹത നീക്കാൻ ശക്തമായ അന്വേഷണം ആവശ്യപ്പെടുകയാണ് കുടുംബം . കുട്ടിയുടെ മൊബൈൽ ഫോണും ലാപ്ടോപ്പും ഉൾപ്പെടെ ഇനിയും എവിടെയെന്നു വിവരവുമില്ല . കേസിൽ ഫലപ്രദമായ അന്വേഷണം നടക്കുന്നില്ലന്ന വീട്ടുകാരുടെ ആശങ്കയുടെ പശ്ചാത്തലത്തിൽ ജാഗ്രത സമിതിയെന്ന നിലയിൽ വലപ്പാട് പഞ്ചായത്ത്‌ കേന്ദ്രീകരിച്ച് ജനകീയ ആക്ഷൻ കൗൺസിലിന് രൂപം നൽകി.

വലപ്പാട് പഞ്ചായത്ത്‌ പ്രസിഡന്റ് ഷിനിത ആഷിഖ്, ടി യു ഉദയൻ(എടമുട്ടം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്‌ ) ഗ്രാമപഞ്ചായത്ത് മെമ്പർ അജ്മൽ ഷെരീഫ് , ബൽക്കിസ് ബാനു എന്നിവർ രക്ഷധികാരികളും , പി എൻ പ്രൊവിന്റ് (ചെയർമാൻ ), സരസ്വതി വലപ്പാട് (കൺവീനർ ) പി. ഡി ഷാനവാസ്‌, കെ. ബി രാഗേഷ് (ജോയിന്റ് കവീനർമാർ ), എൻ.എം പുഷ്പാംഗദൻ (വൈസ് ചെയർമാൻ ) എന്നിവരെ ആക്ഷൻ കൗൺസിൽ ഭാരവാഹികളായും തെരെഞ്ഞെടുത്തു.

Related Posts