ഡെങ്കിപ്പനി പടരുന്നു, കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം
ഒമ്പത് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ വരുന്നതിനിടെ വിദഗ്ധ സംഘത്തെ അയയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഹരിയാന, പഞ്ചാബ്, കേരളം, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് കേന്ദ്രസംഘം സന്ദർശനത്തിന് എത്തുന്നത്.
നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോളിലെയും നാഷണൽ വെക്റ്റർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാമിലെയും വിദഗ്ധർ സംഘത്തിലുണ്ടാകും. ഡെങ്കിപ്പനി പടരുന്നതായി കണ്ടെത്തിയ ഒമ്പത് സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിൽ വിദഗ്ധ സംഘം എത്തുമെന്നും സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകുമെന്നും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും ഹെൽത്ത് സർവീസ് ഡയറക്റ്റർ ജനറൽമാർക്കും അയച്ച കത്തിൽ കേന്ദ്രം പറയുന്നു.
ഡൽഹിയിൽ ആകെ റിപ്പോർട്ട് ചെയ്ത 1,530 കേസുകളിൽ 1,200 എണ്ണവും ഒക്ടോബറിലാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ സെപ്റ്റംബറിൽ 192 കേസുകളും ഒക്ടോബറിൽ 168 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്ത ആയിരത്തോളം കേസുകളിൽ 68 ശതമാനവും കഴിഞ്ഞ മാസമാണ്. കേരളത്തിലെ ഏറ്റവും പുതിയ കണക്കുകൾ ലഭ്യമല്ല.
ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പനി, തലവേദന, ശരീരവേദന, തൊലിപ്പുറമേയുളള ചുവന്ന പാടുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പ്രായം ചെന്നവർ, ജീവിത ശൈലീ രോഗങ്ങളുള്ളവർ, ഗർഭിണികൾ, ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവർ, കൊച്ചു കുട്ടികൾ
തുടങ്ങിയവർ ഡെങ്കിപ്പനിക്കെതിരെ അതീവ കരുതൽ സ്വീകരിക്കേണ്ടതാണ്. ശക്തമായ വയറുവേദന, നിർത്താതെയുള്ള ഛർദ്ദി, അമിത ക്ഷീണം, രക്തസ്രാവം എന്നിവ ഗുരുതരാവസ്ഥയുടെ അടയാളങ്ങളാണ്. കൊതുക് നശീകരണമാണ് ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത്.