കൊവിഡ് നിയന്ത്രണങ്ങൾ ഒട്ടുമില്ലാത്ത ഏക യൂറോപ്യൻ രാജ്യമായി ഡെന്മാർക്ക്

കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി എടുത്തുകളഞ്ഞ ഏക യൂറോപ്യൻ രാജ്യമായി ഡെന്മാർക്ക്. നിശാക്ലബ്ബുകളിൽ നിർബന്ധമായിരുന്ന വാക്സിൻ പാസ്പോർട്ട് കൂടി ഒഴിവാക്കിയതോടെയാണ് കൊവിഡിന് മുമ്പുള്ള പഴയ കാലത്തേക്ക് രാജ്യം മടങ്ങിയെത്തിയത്.

ആഗസ്റ്റ് പകുതിയോടെ മാസ്ക് നിർബന്ധമല്ലാതാക്കിയിരുന്നു. പൊതുസ്ഥലങ്ങളിലെ കൊവിഡ് പാസ് നിയന്ത്രണങ്ങളും ഘട്ടം ഘട്ടമായി എടുത്തു കളഞ്ഞു. അരലക്ഷത്തിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന വലിയൊരു സംഗീത പരിപാടിക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് തലസ്ഥാനമായ കോപ്പൻഹേഗൻ.

രാജ്യത്തെ എഴുപത്തിമൂന്ന് ശതമാനത്തിലേറെ പേർക്കും വാക്സിൻ കുത്തിവെപ്പ് എടുത്തതോടെയാണ് കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞത്. 5.8 മില്യൺ ജനസംഖ്യയുള്ള രാജ്യത്തെ 65 വയസ്സിനു മുകളിൽ പ്രായമുള്ള 96 ശതമാനം പേരും പ്രതിരോധ കുത്തിവെപ്പ് എടുത്തവരാണ്. അപകട സാധ്യത കൂടുതലുളള മുൻഗണനാ വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് (മൂന്നാംഡോസ് ) നൽകുന്ന യജ്ഞത്തിനും ഡെന്മാർക്കിൽ തുടക്കമായിട്ടുണ്ട്.

കാര്യക്ഷമമായ വാക്സിനേഷൻ ദൗത്യത്തിലൂടെയാണ് രാജ്യം മഹാമാരിയെ പിടിച്ചുകെട്ടിയതെന്നും രാജ്യം പഴയ നിലയിലേക്ക് പൂർണമായും മടങ്ങിയെത്തിയെന്നും അധികൃതർ അവകാശപ്പെട്ടു.

Related Posts