ഗ്രേസ് മാര്‍ക്ക് പുനസ്ഥാപിച്ച് വിദ്യാഭ്യാസ വകുപ്പ്; വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകി വന്നിരുന്ന ഗ്രേസ് മാർക്ക് ഈ അധ്യയന വർഷം മുതൽ പുനഃസ്ഥാപിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതോടെ ഈ വർഷം മുതൽ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കിനായി അപേക്ഷിക്കാം. കോവിഡ് സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് വർഷമായി വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകിയിരുന്നില്ല. ഈ വർഷത്തെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാ വിജ്ഞാപനങ്ങളിൽ ഗ്രേസ് മാർക്കിനെക്കുറിച്ച് പരാമർശമില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്. സംസ്ഥാന കായിക മത്സരങ്ങളും ശാസ്ത്രമേളയും അടുത്തയാഴ്ച നടക്കാനിരിക്കുന്ന സ്കൂൾ കലോത്സവവും പൂർത്തിയാകുന്നതോടെ പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്നവർക്ക് ഗ്രേസ് മാർക്ക് നേടാൻ കഴിയും.