ലോകായുക്ത വിധി അട്ടിമറിച്ച് വിദ്യാഭ്യാസ വകുപ്പ്; നടപടിയെടുക്കാന്‍ ഉത്തരവിട്ട ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം

ലോകായുക്ത വിധി അട്ടിമറിച്ച് വിദ്യാഭ്യാസ വകുപ്പ്. കലോത്സവ നടത്തിപ്പില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍. തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസറായ ആര്‍എസ് സുരേഷ് ബാബുവിനാണ് ലോകായുക്ത വിധി മറികടന്ന് സ്ഥാനക്കയറ്റം നല്‍കിയത്. തിരുവനന്തപുരം നോര്‍ത്ത് ജില്ലാ കലോത്സവവുമായി ബന്ധപ്പെട്ട് സുരേഷ് ബാബുവിനെതിരെ ലോകായുക്ത വിധി ഉണ്ടായിരുന്നു.
കലോത്സവത്തിലെ അപ്പീല്‍ കമ്മിറ്റി ചെയര്‍മാനായ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഗുരുതരമായ കൃത്യവിലോപവും അലംഭാവം കാണിക്കുകയും ചെയ്‌തെന്ന് വിധിയില്‍ ലോകായുക്ത പറഞ്ഞിരുന്നു. ഇദ്ദേഹത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ലോകായുക്ത വിധിക്കുകയും ചെയ്തിരുന്നു. 2023 ഏപ്രിലിലാണ് വിധി പറഞ്ഞത്.
നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മൂന്നു മാസത്തെ സാവകാശം തേടിയിരുന്നു. തുടര്‍ന്ന് കര്‍ശനമായ നടപടിയെടുക്കുമെന്ന ഉറപ്പില്‍ സാവകാശം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നടപടി സ്വീകരിക്കാതെ വിദ്യാഭ്യാസ വകുപ്പ് സ്ഥാനക്കയറ്റം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.കഴിഞ്ഞദിവസം പുറത്തിറക്കിയ ഗസറ്റില്‍ ഇക്കാര്യം വ്യക്തമാക്കുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസറായ സുരേഷ് ബാബുവിനെ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറാക്കാനാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.