ശിശുദിനം; വിവിധ ബോധവത്ക്കരണ പരിപാടികളുമായി വനിതാ ശിശുവികസന വകുപ്പ്

ശിശു ദിനാഘോഷത്തോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പിന്റെ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ ബോധവല്‍ക്കരണ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ നിര്‍വഹിച്ചു. കുട്ടികളുടെ ആഘോഷമാണ് ശിശുദിനം. കോവിഡ് മാറി നിറമുള്ള ശിശുദിനങ്ങള്‍ ഇനിയും ഉണ്ടാകട്ടെ എന്നും കുട്ടികളുടെ നന്മക്കായുള്ള പ്രവര്‍ത്തനങ്ങളും ആഘോഷങ്ങളും ഉണ്ടാകട്ടെ എന്നും കലക്ടര്‍ ആശംസിച്ചു.

കലക്ടറേറ്റിലും ശക്തന്‍ ബസ് സ്റ്റാന്‍ഡിലും അമൃത വിശ്വവിദ്യാപീഠം, വിമല കോളേജ് എം.എസ് ഡബ്ല്യു വിദ്യാര്‍ത്ഥിനികള്‍ ഫ്‌ലാഷ് മോബും സെന്‍മേരീസ് കോളേജ് ബിഎസ്ഡബ്ല്യു വിദ്യാര്‍ത്ഥിനികള്‍ തെരുവുനാടകവും അവതരിപ്പിച്ചു. ഫോസ്റ്റര്‍ കെയര്‍, കുട്ടികളെ ദത്തെടുക്കല്‍ തുടങ്ങിയ സന്ദേശങ്ങള്‍ അടങ്ങിയ തെരുവുനാടകമാണ് വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ചത്. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ മീര പി സ്വാഗതവും ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ മഞ്ജു പി.ജി നന്ദിയും അറിയിച്ചു. വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ലേഖ എസ്, കലക്ടറേറ്റ് ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Related Posts