സർക്കാർ ജീവനക്കാരുടെ ആശ്രിത നിയമനം; നിലവിലെ രീതി തുടരണമെന്ന് സംഘടനകൾ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആശ്രിത നിയമനത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനെതിരെ എതിർപ്പുമായി സർവീസ് സംഘടനകൾ. ചീഫ് സെക്രട്ടറി വിളിച്ച് ചേർത്ത യോഗത്തിൽ എൻജിഐ യൂണിയൻ ഒഴികെയുള്ള എല്ലാ സംഘടനകളും എതിർപ്പ് ഉന്നയിച്ചു. ഇടത് അനുകൂല സംഘടനകൾ ഉൾപ്പെടെ നിലവിലെ ആശ്രിത നിയമന സമ്പ്രദായം തുടരണമെന്ന് ആവശ്യപ്പെട്ടു. നിർദ്ദേശങ്ങൾ രേഖാമൂലം സമർപ്പിക്കാൻ ചീഫ് സെക്രട്ടറി നിർദേശം നൽകി. നിബന്ധനകളോടെ നാലാം ശനിയാഴ്ച അവധിയാക്കുന്നതിലും എതിർപ്പ് ഉയർന്നു. ഉപാധി രഹിത അവധി എന്നത് മാറ്റിയെന്നാണ് വിമർശനം. എല്ലാ ദിവസവും 15 മിനിറ്റ് അധികമായി ജോലി ചെയ്യണമെന്നും വർഷത്തിൽ 5 കാഷ്വൽ ലീവ് കുറയ്ക്കണമെന്നുമുള്ള നിബന്ധനകൾ അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു സർവീസ് സംഘടനകൾ. ഒരു ജീവനക്കാരൻ മരണപ്പെട്ടാൽ ഒരു വർഷത്തിനുള്ളിൽ ജോലി ലഭിക്കാൻ അർഹതയുള്ളവർക്കായി നിയമനം പരിമിതപ്പെടുത്താനാണ് നിർദ്ദേശം. അതത് വകുപ്പുകളിൽ ഒഴിവുള്ള തസ്തികകളിൽ അഞ്ച് ശതമാനത്തിൽ താഴെ മാത്രമേ ആശ്രിത നിയമനം നടത്താൻ പാടുള്ളൂവെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ തള്ളുകയും അത് മറികടക്കാൻ വഴിയില്ലെന്ന് നിയമവകുപ്പ് നിലപാടെടുക്കുകയും ചെയ്തതോടെയാണ് ബദൽ നിർദേശങ്ങൾ ചർച്ചയ്ക്ക് വച്ചത്. സർക്കാർ ജീവനക്കാരൻ മരിച്ചാൽ ഒരു വർഷത്തിനുള്ളിൽ നിയമനം ലഭിക്കാൻ അർഹതയുള്ളവർക്ക് നിയമനം, മറ്റ് അപേക്ഷകർക്ക് 10 ലക്ഷം രൂപ ആശ്രിത തുക എന്നിവയാണ് ബദൽ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നത്.  ആശ്രിത നിയമനം 5 ശതമാനമായി പരിമിതപ്പെടുത്തുമ്പോൾ നിയമനത്തിലെ നിലവിലെ കാലതാമസം ഇനിയും വർദ്ധിക്കാനും നിരവധി അപേക്ഷകർക്ക് ജോലി നഷ്ടപ്പെടാനുമുള്ള സാധ്യത കണക്കിലെടുത്താണ് പുതിയ നിർദ്ദേശമെന്ന് സർക്കാർ പറയുന്നു. ആശ്രിത നിയമനങ്ങളുടെ മറവിൽ അനധികൃത നിയമനങ്ങളും പിൻവാതിൽ നിയമനങ്ങളും നടക്കുന്നുവെന്ന പരാതിയും വ്യാപകമാണ്.

Related Posts