രണ്ടു വയസ്സുകാരിയുടെ പിറകിൽ തിരിച്ചറിയൽ വിവരങ്ങൾ; ഉക്രയ്നിൽ നിന്ന് പലായനം ചെയ്ത അമ്മയും കുഞ്ഞും സുരക്ഷിതരായി ഫ്രാൻസിൽ

വിവരണാതീതമായ ദുരനുഭവങ്ങളാണ് യുദ്ധങ്ങൾ സമ്മാനിക്കുന്നത്. നിരന്തരമായ ബോംബ് സ്ഫോടനങ്ങൾക്കും ഷെല്ലാക്രമണങ്ങൾക്കും ഇടയിലൂടെ രാജ്യം വിടാനുള്ള നെട്ടോട്ടത്തിനിടയിൽ മനുഷ്യർ അനുഭവിക്കുന്ന ഭീതിക്കും നിസ്സഹായാവസ്ഥയ്ക്കും അരക്ഷിത ബോധത്തിനും ആശങ്കകൾക്കും അറുതിയില്ല. പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിച്ച് ജീവനും കൊണ്ടുള്ള ഓട്ടത്തിനിടയിൽ മനുഷ്യർ എന്തെല്ലാം ചെയ്യും എന്നതിന് ഒരു പിടിയുമില്ല.

അത്തരമൊരു കഥയാണ് സാഷാ മക്കോവി എന്ന ഉക്രേനിയൻ അമ്മയ്ക്കും പറയാനുള്ളത്. യുദ്ധത്തിൻ്റെ തുടക്കത്തിൽ തന്നെ രാജ്യം വിടാൻ മക്കോവി കുടുംബം തയ്യാറെടുത്തിരുന്നു. രണ്ട് വയസ്സുകാരി വിറായെക്കുറിച്ചായിരുന്നു അവരുടെ ആശങ്കകൾ മുഴുവൻ. പലായനത്തിനിടയിൽ കുടുംബത്തിലുള്ള മുഴുവൻ പേരും കൊല്ലപ്പെട്ടാലും വിറാ അതിജീവിക്കുമെന്ന് മക്കോവി പ്രത്യാശ പുലർത്തി. മറ്റാരുടെയെങ്കിലും കൈയിൽ എത്തിപ്പെട്ടാൽ അവൾ ആരാണെന്ന് അവർ തിരിച്ചറിയണമെന്ന് ആ അമ്മ ആഗ്രഹിച്ചു.

അതിനായി കുഞ്ഞു വിറായുടെ ശരീരത്തിന് പിറകിൽ അവളുടെ പേരും വയസ്സും വിലാസവുമെല്ലാം കുറിച്ചു വെച്ചാണ് പലായനത്തിന് തുടക്കം കുറിച്ചത്. എന്തായാലും അപകടമൊന്നും കൂടാതെ മക്കോവി കുടുംബത്തിന് രാജ്യം വിടാനായി. ഫ്രാൻസിലാണ് അവരിപ്പോൾ ഉള്ളത്. ഒന്നുമറിയാതെ കുഞ്ഞു വിറാ ചിരിച്ചുല്ലസിച്ച് നടക്കുന്നതിൻ്റെ ആശ്വാസത്തിനും സന്തോഷത്തിനും ഇടയിലും ജന്മനാടിനെ ഓർത്ത് മക്കോവിയുടെ നെഞ്ച് പിടയുകയാണ്.

Related Posts