കുരുന്നുകൾക്ക് മുന്നിൽ പ്രസംഗ പരിശീലകനായി വിദ്യാഭ്യാസ ഉപഡയറക്ടർ
വലപ്പാട് ജി ഡി എം എൽ പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ഒരുക്കിയ പ്രസംഗ പരിശീലന പരിപാടി വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി വി മദനമോഹൻ ഉദ്ഘാടനം ചെയ്തു. ദേവാലയങ്ങളല്ല വിദ്യാലയങ്ങളാണ് വേണ്ടത് എന്ന ശ്രീനാരായണ ഗുരുവിന്റെ ചരിത്ര പ്രസിദമായ പ്രഖ്യാപനത്തെ തുടർന്ന് നിർമ്മാണത്തിലിരുന്ന ക്ഷേത്രം പണി അവസാനിപ്പിച്ച് നിർമ്മിച്ച മലബാർ മേഖലയിലെ ആദ്യ വിദ്യാലയമാണ് ജിഡി എം എൽ പി സ്കൂളായിരുന്നുവെന്നും , കേരളത്തിലെ അധ്യാപക പ്രസ്ഥാനത്തിന്റെ പിറവിയും ഈ വിദ്യാലയാങ്കണത്തിലായിരുന്നു എന്ന് കൊച്ചു കുരുന്നുകളോട് പൊതു വിദ്യാഭ്യാസത്തിന്റെ ചരിത്രം സരസമായി പങ്കു വെച്ചും വിദ്യാലയ ചരിത്രം ആരാഞ്ഞും, കുരുന്നുകളുടെ പത്ര വായനാ ശേഷി വിലയിരുത്തിയും വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി വി മദനമോഹൻ നടത്തിയ പ്രസംഗ പരിശീലന ഉദ്ഘാടനം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേറിട്ട അനുഭവമായി.
വിദ്യാലയ നിർമ്മാണത്തിനായി ഉപേക്ഷിച്ച ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഉള്ള സ്ഥലം സന്ദർശിക്കുകയും സമീപ വാസികളുമായി വിദ്യാലയ ചരിത്രവുമായി ബന്ധപ്പെട്ട ഓർമ്മകൾ പങ്കു വെക്കുകയും ചെയ്തു.
വലപ്പാട് ഗ്രാമ പഞ്ചായത്തംഗം രശ്മിഷിജോ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാന അധ്യാപകൻ സി കെ ബിജോയ്, സീനിയർ അസിസ്റ്റന്റ് സി ബി സുബിത, എ സി ലിജി എന്നിവർ പ്രസംഗിച്ചു.