ആരോരുമില്ലാത്ത രോഗികൾക്ക് തണലായി ദേവസ്സിക്കുട്ടി; 32 വർഷമായി തുടരുന്ന കരുതൽ

ആലപ്പുഴ : എല്ലാ ദിവസവും രാവിലെ ഒരു തൂക്കുപാത്രം പാലുമായി ദേവസ്സിക്കുട്ടി വണ്ടാനം മെഡിക്കൽ കോളേജിൽ എത്തും. 32 വർഷങ്ങളായി അദ്ദേഹം ആശരണരായ രോഗികളെ പരിചരിച്ചു വരുന്നു. വർഷങ്ങൾക്ക് മുൻപ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിയപ്പോഴാണ് ഒരു നേരത്തെ ഭക്ഷണത്തിനും, സഹായത്തിനുമായി ബുദ്ധിമുട്ടുന്ന രോഗികളെ അദ്ദേഹം കാണുന്നത്. രോഗം ഭേദമായി ആശുപത്രി വിട്ടെങ്കിലും പിന്നീടങ്ങോട്ട് ദേവസ്സിക്കുട്ടി മെഡിക്കൽ കോളേജിലെ നിത്യ സന്ദർശകനായി മാറി. അതൊരിക്കലും അസുഖം വന്നത് കൊണ്ടായിരുന്നില്ല. തന്നാൽ കഴിയുന്നവിധം ആരുമില്ലാത്ത രോഗികളെ സംരക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു അദ്ദേഹം. രോഗികൾക്ക് ഭക്ഷണം നൽകിയ ശേഷം അവരെ കുളിപ്പിക്കുകയും ചെയ്യും. ആശുപത്രിയിലെ നഴ്സുമാർ അറിയിക്കുന്നതനുസരിച്ച് ഓരോ രോഗികളുടെ അടുത്തും എത്തും. രാവിലെ 8 മണി മുതൽ വൈകിട്ട് 9 വരെ അദ്ദേഹം ആശുപത്രിയിൽ ഉണ്ടാവും. ആലപ്പുഴ പ്രെയർ ഗ്രൂപ്പ്‌ അംഗമായ അദ്ദേഹം അതിൽ നിന്ന് ലഭിക്കുന്ന തുകയും ആതുര സേവനനത്തിനായാണ് ചിലവഴിക്കുന്നത്. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.

Related Posts