ശബരിമലയില്‍ കൂടുതല്‍ ഇളവ് നല്‍കണം: കൂടുതല്‍ ഭക്തര്‍ എത്തുമെന്നും ദേവസ്വം ബോർഡ് പ്രസിഡണ്ട്
ശബരിമലയില്‍ കൂടുതല്‍ ഇളവ് നല്‍കണമെന്നാവശ്യപെട്ട് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ ഉടന്‍ തീരുമാനം ഉണ്ടാകും.അഞ്ച് ആവശ്യങ്ങളാണ് ബോര്‍ഡ് മുന്നോട്ട് വച്ചതെന്നും നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നതോടെ കൂടുതല്‍ ഭക്തര്‍ എത്തുമെന്നും പ്രസിഡണ്ട് അഡ്വക്കേറ്റ് കെ അനന്ദഗോപന്‍ അറിയിച്ചു.
പമ്പാ സ്നാനം അനുവദിക്കണം, തീര്‍ത്ഥാടകരില്‍ ആവശ്യമുള്ളവര്‍ക്ക് എട്ട് മണിക്കൂര്‍ എങ്കിലും സന്നിധാനത്ത് തങ്ങണം, കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സുരക്ഷിതമായി നെയ്യഭിഷേകത്തിന് അവസരമൊരുക്കണം. നീലിമല കയറ്റം അനുവദിക്കണം തുടങ്ങി 5 ആവശ്യങ്ങളാണ് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് സമര്‍പ്പിച്ച നിര്‍ദ്ദേശത്തിലുള്ളത്. ബോര്‍ഡിന്റെ ആവശ്യങ്ങളില്‍ അനുകൂല നിലപാട് ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവസ്വം പ്രസിഡണ്ട് അറിയിച്ചു.
സര്‍ക്കാര്‍ അനുമതി നടപ്പാക്കുന്നതിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ സന്നിധാനത്ത് തയ്യാറായതിനാൽ .അനുമതി ലഭിച്ചാല്‍ കൂടുതല്‍ ഭക്തര്‍ സന്നിധാനത്തേക്കെത്തും. നിലവില്‍ ഒരു ബുദ്ധിമുട്ടും ഭക്തര്‍ക്ക് ഉണ്ടാക്കാതെയാണ് തീര്‍ത്ഥാടനം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡും ഒമിക്രോണുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്റെ ഏത് മാനദണ്ഡവും പാലിക്കാന്‍ തയ്യാറാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ അനന്ദഗോപന്‍ പറഞ്ഞു.