പുതിയ ലോകത്തിനൊപ്പം നീങ്ങാൻ ഇന്ത്യ സജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ന്യൂഡൽഹി: വ്യവസായ മേഖലയിലുണ്ടായ മുന്നേറ്റത്തിലൂടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ വീണ്ടും മുന്നോട്ടു കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ ലോകത്തിനൊപ്പം വളരാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഒരു കാലത്ത് വിദേശനിക്ഷേപത്തെക്കുറിച്ച് ആശങ്ക ഉണ്ടായിരുന്ന ഇന്ത്യ ഇപ്പോൾ എല്ലാത്തരം വിദേശനിക്ഷേപങ്ങളേയും സ്വാഗതം ചെയ്യുകയാണ്. വിദേശനിക്ഷേപത്തിൽ ചരിത്ര നേട്ടമാണ് രാജ്യം ഇപ്പോഴുണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയുടെ വിദേശനാണ്യശേഖരവും റെക്കോർഡ് ഉയരത്തിലാണുള്ളത് എന്നും പ്രധാനമന്ത്രി പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി ഐ ഐ) വാർഷിക സമ്മേളനത്തിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ സാഹചര്യങ്ങൾ വളരെ പെട്ടന്നാണ് മാറുന്നത്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളിലാണ് ഇന്ന് പൗരന്മാരുടെ താൽപര്യം. എന്നാൽ അതൊരു ഇന്ത്യൻ കമ്പനി തന്നെയാവണമെന്നില്ല. പക്ഷെ എല്ലാ ഇന്ത്യക്കാർക്കും ആവശ്യം ഇന്ത്യയിൽ നിർമിക്കുന്ന ഉത്പന്നങ്ങൾ ലഭിക്കുകയെന്നാണ്. വ്യവസായങ്ങൾ അതിന്റെ നയങ്ങളും തന്ത്രങ്ങളും ഇതിനനുസൃതമായി ഉണ്ടാക്കണം. ആത്മനിർഭർ ഭാരത് അഭിയാനിൽ മുന്നോട്ടുപോകാൻ ഇത് നിങ്ങളെ സഹായിക്കുമെന്ന് പ്രധാനമന്ത്രി വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്ന വ്യാവസായ പ്രതിനിധികളോടായി പറഞ്ഞു.

ഒരു കാലത്ത് ഉപജീവന മാർഗ്ഗമായി മാത്രം കണക്കാക്കപ്പെട്ടിരുന്ന കാർഷിക മേഖലയിൽ ഇപ്പോൾ ചരിത്രപരമായ പരിഷ്കാരങ്ങളിലൂടെ ഇന്ത്യൻ കർഷകരെ ആഭ്യന്തര, ആഗോള വിപണികളുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts