വികസന ശിൽപശാല സംഘടിപ്പിച്ചു
കൊടകര ബ്ലോക്ക് പഞ്ചായത്ത് 14-ാം പഞ്ചവത്സരപദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട് വികസന ശിൽപശാല സംഘടിപ്പിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് അധ്യക്ഷത വഹിച്ച യോഗം എം എൽ എ കെ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത രീതിയിൽ നിന്നും മാറി പുതിയ കാലത്തിനനുസരിച്ച് നൂതന സമ്പ്രദായങ്ങൾ നടപ്പിൽ വരുത്തേണ്ടതുണ്ടെന്നും ഈ സാമ്പത്തിക വർഷം നടപ്പിലാക്കി വരുന്ന വനിതാ പദ്ധതിയായ ഷീ വർക്ക് സ്പെയ്സ് പോലെ യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി പദ്ധതികൾ കണ്ടെത്തണമെന്നും ശിൽപശാല ഉദ്ഘാടനം ചെയ്ത് എം എൽ എ പറഞ്ഞു. വൈസ് പ്രസിഡന്റ് ഷീല ജോർജ് സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഡ്വ.അൽജോ പുളിക്കൻ വികസന പരിപ്രേക്ഷ്യം അവതരിപ്പിച്ചു.
14-ാം പഞ്ചവത്സര പദ്ധതിയും നയസമീപനവും എന്ന വിഷയത്തെ സംബന്ധിച്ച് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ എം ശിവരാമൻ സംസാരിച്ചു. വിവിധ വിഷയങ്ങളെ സംബന്ധിച്ച് വിഷയ വിദഗ്ദ്ധരായ ഷീബ കെ പി, ഹംസ വി എം, വിമൽകുമാർ ടി വി, ഡോ.മാത്യൂസ് എം എ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെ സ്റ്റാറ്റസ് റിപ്പോർട്ട് അടിസ്ഥാനത്തിൽ വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരുടെ നേതൃത്വത്തിൽ ഗ്രൂപ്പ് ചർച്ച നടത്തുകയും റിപ്പോർട്ട് ക്രോഡീകരിച്ച് അവതരിപ്പിക്കുകയും ചെയ്തു. യോഗത്തിന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി ആർ അജയഘോഷ് നന്ദി പറഞ്ഞു.