നടപടിയെടുത്ത് ഡിജിപി; പി ആർ സുനുവിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരം: ബലാത്സംഗം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ പി ആർ സുനുവിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു. പൊലീസ് ആക്ടിലെ സെക്ഷൻ 86 പ്രകാരമാണ് ഡി.ജി.പിയുടെ നടപടി. ഇതാദ്യമായാണ് ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഈ വകുപ്പ് ഉപയോഗിച്ച് സേനയിൽ നിന്ന് പിരിച്ചുവിടുന്നത്. 15 തവണ വകുപ്പുതല നടപടിയും ആറ് സസ്പെൻഷനും നേരിട്ട ഉദ്യോഗസ്ഥനാണ് സുനു. തുടർച്ചയായി കുറ്റകൃത്യം ചെയ്യുന്ന ബലാത്സംഗം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തിക്ക് പൊലീസ് സേനയിൽ തുടരാൻ അർഹതയില്ലെന്ന് നടപടിയെടുത്ത ഡി.ജി.പി ഉത്തരവിൽ പറഞ്ഞു. പിരിച്ചുവിടൽ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പി.ആർ സുനുവിന്‍റെ ഹർജി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളിയിരുന്നു. ബേപ്പൂർ തീരദേശ സിഐയായിരുന്ന പി.ആർ.സുനു തൃക്കാക്കര കൂട്ടബലാത്സംഗക്കേസിൽ പ്രതിയായതിനെ തുടർന്ന് സസ്പെൻഷനിലായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് സസ്പെൻഷൻ. തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ മൂന്നാം പ്രതിയാണ് പി.ആർ.സുനു. എറണാകുളം സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടർന്നാണ് ഇയാളെ പ്രതി ചേർത്തത്.

Related Posts