വിപ്ലവകാരികളെല്ലാം കേരളം വിട്ടുപോയോ?': ചെഗുവേരയുടെ വാക്കുകൾക്കൊപ്പം നടി രേവതിയുടെ കുറിപ്പ്
ചെഗുവേരയുടെ ആശയങ്ങളെയും വാക്കുകളെയും കുറിച്ച് വാചാലരായിരുന്ന കേരളത്തിലെ വിപ്ലവകാരികളൊക്കെ എവിടെയാണെന്ന് നടിയും സംവിധായികയുമായ രേവതി. എല്ലാവരും നാടുവിട്ട് പോയോ എന്ന് താൻ അത്ഭുതപ്പെടുന്നെന്ന് രേവതി. നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും വാർത്തകളിൽ നിരയുന്നതിനിടെയാണ് രേവതിയുടെ കുറിപ്പ്.
“ഓരോ അനീതിയിലും നിങ്ങൾ രോഷം കൊണ്ട് വിറയ്ക്കുകയാണെങ്കിൽ, നിങ്ങൾ എന്റെ സഖാവാണ്”, എന്ന ചെഗുവേരയുടെ വാക്കുകൾക്കൊപ്പമാണ് നടിയുടെ കുറിപ്പ്.
"ചെഗുവേരയെ കുറിച്ച് ഞാൻ കേൾക്കുന്നത് എന്റെ ഇരുപതുകളുടെ തുടക്കത്തിൽ ഒരു മലയാളം സിനിമ ചെയ്യുന്നതിനിടയിലാണ്. എന്റെ മലയാളികളായ സഹപ്രവർത്തകരും കേരളത്തിലെ യുവാക്കളുമൊക്കെ, 80കളുടെ തുടക്കത്തിൽ ചെഗുവേരയുടെ ആശയങ്ങളെയും വാക്കുകളെയും കുറിച്ച് വാചാലരാവുകയും അദ്ദേഹത്തിന്റെ മുഖം നിറഞ്ഞ ഷർട്ടും ബാഗും തൊപ്പിയുമൊക്കെ അണിഞ്ഞുനടക്കുകയും ചെയ്തപ്പോൾ എനിക്ക് ലജ്ജ തോന്നി, ഞാനിതുവരെ ചെഗുവേരയെക്കുറിച്ച് വായിച്ചിട്ടില്ലല്ലോ എന്നോർത്ത്. വിപ്ലവ ചിന്തകൾ നിറഞ്ഞ ആ ആദർശ യുവാക്കളുടെ തലമുറ ഇപ്പോൾ അധികാരസ്ഥാനങ്ങളുടെ ഇരിപ്പിടങ്ങളിൽ ഇരിക്കുന്ന അനുഭവസമ്പന്നരായ മധ്യവയസ്കരാണ്, എല്ലാ മേഖലകളിലും തീരുമാനങ്ങൾ എടുക്കുന്നവർ, അതും അതേ കേരളത്തിൽ… പക്ഷേ, നിർഭാഗ്യവശാൽ ഇന്നത്തെ സമൂഹത്തിൽ 30- 35 വർഷം മുൻപ് അവർ പറഞ്ഞ ആദർശങ്ങൾ പ്രതിഫലിപ്പിക്കുന്നില്ല. അവരൊക്കെ എവിടെയാണ്? അവരെല്ലാം കേരളം വിട്ടുപോയോ? എനിക്ക് അത്ഭുതമാണ്." രേവതി കുറിച്ചു.