മുട്ട മോഷ്ടിക്കുന്ന വ്യത്യസ്ത ഉറുമ്പ് കേരളത്തിലും!

തൃശ്ശൂര്‍: ശരീരത്തിന്‍റെ അടിവശത്ത് സഞ്ചി പോലുള്ള മടക്കുകൾ. 'മോഷണ വസ്തു' സൂക്ഷിക്കാൻ ഉളളതാണിത്. ആളൊരു ഉറുമ്പാണ്. മോഷ്ടിക്കുന്നത് മറ്റ് ഉറുമ്പുകളുടെ മുട്ടകൾ. വിചിത്രമായ വേട്ടയാടൽ ശൈലിയുള്ള ഉറുമ്പിനെ ശാസ്ത്രജ്ഞർ കേരളത്തിലും കണ്ടെത്തി. പെരിയാർ കടുവാ സങ്കേതത്തിലെ വള്ളക്കടവിലാണ് പ്രോസെറാറ്റിയം ഗിബ്ബോസം ഇനത്തിലുളള ഉറുമ്പിനെ ആദ്യമായി കണ്ടെത്തിയത്. മേഘാലയ, യു.പി, ബംഗാൾ എന്നിവിടങ്ങളിൽ ഈ തവിട്ടുനിറത്തിലുള്ള ഉറുമ്പിനെ മുമ്പ് കണ്ടിട്ടുണ്ട്. മണ്ണിൽ കൂടുകൂട്ടുന്ന ചിലന്തികളുടെ മുട്ടകളും ഈ ഉറുമ്പുകൾ സഞ്ചിയിലാക്കി കടത്തുന്നു. നിത്യഹരിത വനത്തിലെ ജീർണിച്ച കരി ഇലകളുടെ കീഴിൽ അവർ ജീവിക്കുന്നു. എന്തെങ്കിലും അപകടത്തിന്‍റെ സൂചനയുണ്ടെങ്കിൽ, മണ്ണിൽ പതിഞ്ഞിരിക്കും. ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി നടത്തിയ പഠനത്തിലാണ് ഉറുമ്പിനെ തിരിച്ചറിഞ്ഞത്. ഗവേഷകരായ ഡോ. കലേഷ് സദാശിവൻ, മനോജ് കൃപാകരൻ എന്നിവരാണ് പഠനം നടത്തിയത്. പശ്ചിമഘട്ടത്തിൽ മറ്റ് രണ്ട് ഉറുമ്പുകളെ കൂടി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം പേപ്പാറ വന്യജീവി സങ്കേതത്തിലെ ബോണക്കാട്ട് കണ്ടെത്തിയ വോളൻ ഹോവിയ കേരളീയൻ എന്ന ഇനം ഉറുമ്പ് കടപുഴകി വീണ മരങ്ങളുടെ വിള്ളലുകളിലാണ് താമസിക്കുന്നത്. വൃക്ഷങ്ങളിലെ ഇടുങ്ങിയ വിടവുകളിലൂടെ സഞ്ചരിക്കാൻ അനുവദിക്കുന്ന തരത്തിലാണ് അവയുടെ അനാട്ടമി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചെറിയ പുഴുക്കളും ചെറിയ ജീവികളുമാണ് പ്രധാന ഭക്ഷണം. വടക്കുകിഴക്കൻ ഇന്ത്യയിൽ ഇത് മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതാദ്യമായാണ് സാസ്പിങ്ക്ടസ് സഹ്യാദ്രിയാൻസിസ് എന്ന മൂന്നാമത്തെ വകഭേദം ഇന്ത്യയിൽ കണ്ടെത്തുന്നത്. പേപ്പാറ വന്യജീവി സങ്കേതത്തിലെ തന്നെ പൊൻമുടിമലയിൽ നിന്നാണ് ഇവയെ കണ്ടെത്തിയത്. ഈ ഉറുമ്പുകൾ ഭൂഗർഭത്തിൽ ജീവിക്കുകയും സ്വയം നിർമ്മിച്ച തുരങ്കങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നു. മറ്റ് ഉറുമ്പുകളുടെ ലാർവകളാണ് ഇവയുടെ പ്രധാന ഭക്ഷണം. ആഫ്രിക്കയിലും ഓസ്ട്രേലിയയിലും ഇവയെ കാണപ്പെടുന്നു. മൂന്ന് ഉറുമ്പുകളും കടിക്കുന്ന വിഭാഗത്തിൽ പെടുന്നവയല്ല.

Related Posts