ഡിജിറ്റല്‍ റീസര്‍വെ: ശിൽപശാല സംഘടിപ്പിച്ചു
ഭൂരേഖ വിരല്‍ത്തുമ്പില്‍ എന്ന ആശയം മുന്‍നിർത്തി സര്‍ക്കാര്‍ സംസ്ഥാനത്ത് ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സര്‍വെ ചെയ്തിട്ടില്ലാത്ത 1550 വില്ലേജുകളില്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡിജിറ്റല്‍ റീസര്‍വെ ചെയ്യുന്നതിന് തുടക്കമാകുന്നു. ഇതിൻ്റെ ഭാഗമായി സര്‍വെ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാല എഡിഎം റെജി പി ജോസഫ് ഉദ്ഘാടനം ചെയ്തു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശിൽപശാലയിൽ ഡെപ്യൂട്ടി കലക്ടർ (എൽ ആർ ) ഉഷ ബിന്ദു മോൾ, സർവെ ഡയറക്ടർ സി.റാം സാംബ ശിവ റാവു, സർവെ ഓഫ് ഇന്ത്യയുടെ കേരള -ലക്ഷദ്വീപ് ഡയറക്ടർ പി വി രാജശേഖർ, പരിശീലകരായ പി ആർ പുഷ്പ, പി എസ് സതീഷ് കുമാർ, സലീം എസ് എന്നിവർ പങ്കെടുത്തു.
തൃശൂർ ജില്ലയില്‍ 4 താലൂക്കുകളിലായി 23 വില്ലേജുകള്‍ ഡിജിറ്റല്‍ റീസര്‍വെ ചെയ്യുന്നതിന് സര്‍വെയും ഭൂരേഖയും വകുപ്പ് മുഖേന കര്‍മ്മപദ്ധതികള്‍ തയ്യാറാക്കിയിട്ടുള്ളതും പ്രാരംഭഘട്ടത്തില്‍ നൂതന സാങ്കേതിക വിദ്യയായ ഡ്രോണ്‍, ആര്‍ ടി കെ എന്നിവ ഉപയോഗിച്ച് തൃശൂര്‍ താലൂക്കിലെ കൂര്‍ക്കഞ്ചേരി, ചിയ്യാരം എന്നീ വില്ലേജുകളുടെ സര്‍വെ ജോലികള്‍ നിര്‍വഹിക്കുന്നതാണ്.
ഡിജിറ്റല്‍ റീസര്‍വെ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന്‍റെ ഭാഗമായി മുകളിൽ പറഞ്ഞ വില്ലേജുകളിലെ ജനപ്രതിനിധികളെയും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെയും പൊതുജനങ്ങളെയും ഉള്‍പ്പെടുത്തി ജനുവരി 14 ന് രാവിലെ 11.30ന് കൂര്‍ക്കഞ്ചേരി എസ് എന്‍ ഡി പി ഹാളില്‍ നടക്കുന്ന പൊതുജന ബോധവൽക്കരണ യോഗം റവന്യൂ മന്ത്രി അഡ്വ. കെ രാജന്‍ ഉദ്ഘാടനം ചെയ്യും.