ദൈവം അങ്ങയുടെ എല്ലാ പ്രാർഥനകളും നിറവേറ്റട്ടെ, പിറന്നാൾ ദിനത്തിൽ ഷാരൂഖ് ഖാന് ആശംസകളുമായി സംവിധായകൻ
56-ാം പിറന്നാൾ ദിനത്തിൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന് ഹൃദയത്തിൽ തൊടുന്ന ആശംസാ സന്ദേശവുമായി ആത്മാർഥ സുഹൃത്തും സംവിധായകനുമായ കരൺ ജോഹർ. ഹിന്ദി സിനിമാ ലോകത്ത് ഒട്ടേറെ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചതാണ് കരൺ ജോഹർ-ഷാരൂഖ് ഖാൻ കൂട്ടുകെട്ട്.
കരൺ അർജുൻ സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഷാരൂഖിനെ ആദ്യമായി താൻ കണ്ടുമുട്ടുന്നത്. ജീവിതത്തെയും കരിയറിനെയും സ്വന്തം അസ്തിത്വത്തെ തന്നെയും രൂപപ്പെടുത്താൻ പോകുന്ന അതുല്യനായ വ്യക്തിയെയാണ് പരിചയപ്പെടാൻ പോകുന്നതെന്ന് അപ്പോൾ തിരിച്ചറിഞ്ഞതേയില്ല. ഷാരൂഖ് ഖാൻ എന്ന വ്യക്തിയുടെ മാസ്മരികമായ പരിവേഷവും ബൗദ്ധിക ശേഷിയും ലോകമാകെ അംഗീകരിച്ചതാണ്. എന്നാൽ അദ്ദേഹത്തിൻ്റെ ഹൃദയത്തെ തിരിച്ചറിയാനും മാനുഷികതയെ അനുഭവിച്ചറിയാനുമുള്ള അപൂർവമായ അവസരം തനിക്കുണ്ടായി.
അതുല്യനായ പിതാവും കരുത്തുറ്റ ഭർത്താവും സ്നേഹമുള്ള സഹോദരനും ഒരിക്കലും വേർപിരിയാനാവാത്ത സുഹൃത്തുമാണ് ഷാരൂഖ് എന്ന് കരൺ തൻ്റെ കുറിപ്പിൽ പറയുന്നു. ഞാൻ അങ്ങയെ വളരെയധികം സ്നേഹിക്കുന്നു. അങ്ങയുടെ എല്ലാ മന്നത്തും ദൈവം കേൾക്കുമാറാകട്ടെ. ദൈവത്തിൻ്റെ അപാരമായ സ്നേഹം എന്നെന്നും അനുഭവിക്കാൻ കഴിയട്ടെ എന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.