കേരളത്തിൽ ജീവിക്കാൻ പേടി തോന്നുന്നതായി സംവിധായിക കുഞ്ഞില മാസിലാമണി
കേരളത്തിൽ ജീവിക്കാൻ ശരിക്കും പേടി തോന്നുന്നതായി സംവിധായിക കുഞ്ഞില മാസിലാമണി. തിരുവനന്തപുരം ലോ കോളെജിൽ എസ് എഫ് ഐ പ്രവർത്തകർ കെ എസ് യു പ്രവർത്തകയെ വളഞ്ഞിട്ട് മർദിച്ച സംഭവത്തെ കുറിച്ച് ഫേസ് ബുക്കിൽ പ്രതികരിക്കുകയായിരുന്നു കുഞ്ഞില. അടുത്തിടെ പുറത്തിറങ്ങിയ ഫ്രീഡം ഫൈറ്റ് എന്ന സിനിമയിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് കുഞ്ഞില മാസിലാമണി. ഫ്രീഡം ഫൈറ്റിൽ അസംഘടിതർ എന്ന സെഗ്മെൻ്റാണ് അവർ സംവിധാനം ചെയ്തത്.
ഒരു സ്ത്രീ ആയതുകൊണ്ടു മാത്രം കേരളത്തിൽ ജീവിക്കാൻ നല്ല പേടിയാവുന്നുണ്ട്. യു പി യിൽ ആവാത്തത് ഭാഗ്യം എന്ന് ആലോചിച്ച് സന്തോഷിക്കാൻ നാവ് പൊന്തുന്നുണ്ടെങ്കിൽ ഇതും കേൾക്കണം.എസ് എഫ് ഐ പ്രവർത്തകർ ഒരു സ്ത്രീയെ ആക്രമിക്കുന്നത് എല്ലാവരും കണ്ടുകാണും. ഒരു ആൺകൂട്ടം ആണ് അവരെ ആക്രമിക്കുന്നത്. അതിന് ശക്തി പകരാൻ അവർ ഉപയോഗിക്കുന്ന ആയുധം അവരുടെ സംഘടന തന്നെയാണ്. എസ് എഫ് ഐ യിലെ ശക്തമായ സ്ത്രീ സാന്നിധ്യം, പെൺവീര്യം എന്നൊക്കെ പറയുന്നത് പുരുഷാധിപത്യ ബോധ്യത്തിൽനിന്ന് തന്നെ ഉള്ളതാണ്. വർഗബോധം, രാഷ്ട്രീയബോധം ഒക്കെ വന്നാൽ ആയി എന്നേയുള്ളൂ.
എസ് എഫ് ഐ യിൽ മാത്രമല്ല ഈ പുരുഷാധിപത്യ ബോധമുള്ളതെന്ന് കുഞ്ഞില തൻ്റെ കുറിപ്പിൽ പറയുന്നു. വളരെ പേട്രിയാർകൽ ആയ, ഇനി ഒരു ആണിന് നേരെയും ഉയരില്ല നിൻ്റെ ഈ കൈ എന്ന മമ്മൂട്ടി ഡയലോഗിലെ വാശിയാണ് ഇത് കാണിക്കുന്നത്.
ആ സ്ത്രീയെ വലിച്ചിഴച്ച്, തല്ലി, ആക്രമിക്കുമ്പോൾ എസ് എഫ് ഐ യിൽനിന്ന് ഒരു ആളെങ്കിലും പോട്ടെ, ഒരു സ്ത്രീയെങ്കിലും അവരെ തടുക്കാൻ ഉണ്ടായില്ല എന്ന് സംവിധായിക കുറ്റപ്പെടുത്തുന്നു. അത്തരം അടിമകളായ ആളുകളുടെ തലച്ചോറിനെ ഓർത്ത് വ്യാകുലപ്പെടേണ്ട സമയം അതിക്രമിച്ചു എന്നാണ് പറയാനുള്ളത്. പുരുഷാധിപത്യത്തിനോ, പാർടിക്കോ, മതത്തിനോ അടിമകളായി ആസ്വദിച്ച് ജീവിക്കുന്നത് അത്തരം അടിമത്തം, ഉപദ്രവിക്കാൻ സ്ത്രീകളെ തരുന്നത് കൊണ്ടാണെന്ന് കുറിപ്പിൽ പറയുന്നു.
താനൊരു ഇടതുപക്ഷക്കാരിയാണെന്നും എന്നാൽ ഒരു അടിമയല്ലാത്തതു കൊണ്ടാണ് ആൺ ബോധത്തിൻ്റെ പ്രശ്നം തനിക്ക് മനസ്സിലാക്കാൻ കഴിയുന്നതെന്നും തൻ്റെ തലച്ചോറിനെ ഓർത്ത് അഭിമാനിക്കുന്നുണ്ടെന്നും പറഞ്ഞുകൊണ്ടാണ് കുഞ്ഞിലയുടെ കുറിപ്പ് അവസാനിക്കുന്നത്.