കെ എം കമലിൻ്റെ 'പട' മലയാളത്തിൽ ഇറങ്ങിയ അടിമുടി പൊളിറ്റിക്കൽ സിനിമയെന്ന് സംവിധായകൻ ഷാനവാസ് ബാവക്കുട്ടി
അവർ വരും പകരം ചോദിക്കും എന്ന ടാഗ് ലൈനോടെ ഇറങ്ങിയ പട എന്ന സിനിമ മലയാളത്തിൽ ഇറങ്ങിയ അടിമുടി പൊളിറ്റിക്കൽ സിനിമയാണെന്ന് സംവിധായകൻ ഷാനവാസ് കെ ബാവക്കുട്ടി. കിസ്മത്ത്, തൊട്ടപ്പൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഷാനവാസ്.
ഏത് തരം സിനിമയും ആയിക്കോട്ടെ, അതിനൊരു രാഷ്ട്രീയമുണ്ടെന്ന് വിശ്വസിക്കുന്ന എളിയ സിനിമാക്കാരനാണ് താനെന്ന് ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ ഷാനവാസ് പറയുന്നു. സിനിമ മുന്നോട്ടു വെയ്ക്കുന്ന രാഷ്ടീയത്തോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. അങ്ങിനെ നോക്കിയാൽ മലയാളത്തിൽ ഇറങ്ങിയ അടിമുടി പൊളിറ്റിക്കലായ സിനിമയാണ് പട.
ഇത്തരം ഒരു സിനിമ തന്നതിന് സംവിധായകൻ കെ എം കമലിന് നന്ദി പറയുന്നതായി ഷാനവാസ് എഴുതുന്നു. തൻ്റെ ആദ്യ സിനിമ കിസ്മത്ത് തനിക്ക് തൊട്ട് കാണിച്ച് തന്നയാളാണ് കെ എം കമൽ. അതിനാൽ കമൽ ഈ സിനിമ മനോഹരമായി എടുത്തതിൽ തനിക്ക് ഒരത്ഭുതവും തോന്നുന്നില്ല.
സിനിമയുടെ ടെയ്ൽ എൻ്റിൽ തിയേറ്ററിൽ മുഴങ്ങിയ നീണ്ട കയ്യടി ഉണ്ട്, അതു മതി നെഞ്ചു നിറയാൻ. ആ കൈയടിക്ക് എന്തുകൊണ്ടും സി വി സാരഥിയും ഇ ഫോർ എൻ്റർടെയ്ൻമെൻ്റും കൂടി അർഹരാണ്. ഇങ്ങനെ ഒരു സിനിമ നിർമിച്ച ധൈര്യത്തിന് അവരെയും പടയിലെ മുഴുവൻ പോരാളികളേയും നെഞ്ചോട് ചേർക്കുന്നതായി കുറിപ്പിൽ പറയുന്നു.