സംവിധായകൻ സിദ്ധിഖിന്‍റെ ഖബറടക്കം ഇന്ന് വൈകീട്ട്

കൊച്ചി: കൊച്ചിയില്‍ അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്‍റെ ഖബറടക്കം ഇന്ന് വൈകീട്ട് നടക്കും. സിദ്ദിഖിന്‍റെ ഭൌതിക ശരീരം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. രാവിലെ ഒന്‍പത് മണി മുതല്‍ പന്ത്രണ്ട് മണിവരെയാണ് കൊച്ചി പൌരവലിക്കും, സിനിമ രംഗത്തുള്ളവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഉണ്ടാകും. തുടര്‍ന്ന് മൃതദേഹം അദ്ദേഹത്തിന്‍റെ വസതിയിലേക്ക് കൊണ്ടുപോകും. വൈകീട്ട് 6 മണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമ മസ്ജിദിലായിരിക്കും ഖബറടക്കം നടക്കുക.
ഇന്നലെ വൈകീട്ട് 9 മണിയോടെയാണ് സംവിധായകന്‍ സിദ്ദിഖ് കൊച്ചി അമൃത ആശുപത്രിയില്‍ അന്തരിച്ചത്. സിദ്ധിഖ് കഴിഞ്ഞ ദിവസം മുതല്‍ എക്മോ സപ്പോർട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു സിദ്ധിഖ്. ഈ അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്. ലാല്‍, റഹ്‍മാൻ അടക്കമുള്ള താരങ്ങളും സംവിധായകരും ചികിത്സയില്‍ കഴിയുന്ന സിദ്ധിഖിനെ സന്ദര്‍ശിച്ചിരുന്നു.
തന്‍റെ ഹിറ്റ് ചിത്രങ്ങളൊന്നും മലയാളത്തില്‍ ഒതുക്കിയിരിന്നില്ല സിദ്ദിഖ്, തെന്നിന്ത്യയിലും ബോളീവുഡിലും പുനരാവിഷ്കരിച്ചു. മറുനാട്ടിലെ താരങ്ങള്‍ സിദ്ദിഖിന്‍റെ കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ട് അഭിനയിച്ചു. സല്‍മാന്‍ഖാനും കരീനാകപൂറും വിജയും സൂര്യയുമെല്ലാം സിദ്ദിഖ് സിനിമകളുടെ ഭാഗമായി.
ജയറാമും മുകേഷു ശ്രീനിവാസനും ജഗതിയുമെല്ലാം നിറഞ്ഞാടിയ സിദ്ദിഖിന്‍റെ ഹിറ്റ് ചിത്രമാണ് ഫ്രണ്ട്സ്. സിനിമ തമിഴിലെത്തിയപ്പോള്‍ താരങ്ങള്‍ മാറി. വിജയും സൂര്യയും വടിവേലുവും വെള്ളിത്തിരയില്‍ ഹിറ്റ് തീര്‍ത്തു. പക്ഷേ സംവിധായകന് മാത്രം മാറ്റമുണ്ടായില്ല ഒരേയൊരു സിദ്ദിഖ്. 2003 ലാണ് സിദ്ദിഖ്, മമ്മൂട്ടിയെ ഫ്രെയിമിലാക്കിയ ക്രോണിക് ബാച്ചിലര്‍ പുറത്തിറങ്ങിയത്. തൊട്ടടുത്ത വര്‍ഷം തമിഴിലെത്തിയപ്പോള്‍ ചിത്രം എങ്ക അണ്ണയായി, വിജയ് കാന്തും പ്രഭൂദേവയയും ഫ്രെയിമിലെത്തി.
ഒരിടവേളയ്ക്ക് ശേഷം സിദ്ദിഖിന്‍റെ ശക്തമായ തിരിച്ചു വരവിന് സാക്ഷ്യം വഹിച്ചത് 2011ലായിരുന്നു. സൂപ്പര്‍ ഹിറ്റായ ബോര്‍ഡി ഗാര്‍ഡ് തമിഴില്‍ കാവലനായി, വിജയും അസിനും തമിഴില്‍ തകര്‍ത്താടി. തമിഴില്‍ ഒതുങ്ങിയില്ല സിദ്ദിഖിന്‍റെ ഹിറ്റ് തരങ്കം. സിദ്ദിഖിന്‍റെ സംവിധാനത്തില്‍ ബോഡിഗാര്‍ഡ് ബോളീവുഡിലുമെത്തി. വെറുമൊരു മൊഴിമാറ്റത്തിനും ചുണ്ടനക്കങ്ങള്‍ക്കുമപ്പുറം താരങ്ങളെ തന്നെ തേടിപ്പിടിച്ച് പാട്ടുകളും ഹിറ്റിന് വേണ്ട ചേരുവകളെല്ലാം കൂട്ടിച്ചേര്‍ത്തുമായിരുന്ന സിദ്ദിഖിന്‍റെ പരീക്ഷണങ്ങള്‍.