കോവിഡ് കാലത്ത് താങ്ങായി വ്യവസായ വാണിജ്യ വകുപ്പ്
കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളിലും തളരാതെ മുന്നോട്ട് കുതിക്കുകയാണ് സൂക്ഷ്മ, ചെറുകിട, ഇടത്തര വ്യവസായ മേഖല. തൃശൂര്‍ ജില്ലയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സൂക്ഷ്മ, ചെറുകിട, ഇടത്തര വ്യവസായ മേഖല വലിയ സംഭാവനയാണ് നല്‍കിയിരിക്കുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ് തൃശൂര്‍. കാര്‍ഷിക, പ്രകൃതി വിഭവങ്ങളാണ് ജില്ലയുടെ വ്യവസായ അടിത്തറയ്ക്ക് പിന്‍ബലം. ചെറുകിട സംരംഭങ്ങളുടെ വളര്‍ച്ച ലക്ഷ്യമാക്കിയുള്ള വിവിധ വികസന പ്രവര്‍ത്തനങ്ങളാണ് കോവിഡ് കാലത്തും വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം വഴി നടപ്പിലാക്കുന്നത്. സമഗ്ര വികസനം മുന്‍നിര്‍ത്തി സംരംഭകര്‍ക്കായി വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന പ്രധാന പദ്ധതികള്‍ ചുവടെ..
- സംരംഭക സഹായ പദ്ധതി
വ്യവസായ സംരംഭങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്ന സംസ്ഥാന സര്‍ക്കാരിൻ്റെ ഒരു പദ്ധതിയാണിത്. പുതുതായി ആരംഭിച്ച സംരംഭങ്ങള്‍ക്കും നിലവിലുള്ള സംരംഭങ്ങളുടെ വിപുലീകരണത്തിനും ആധുനികവല്‍ക്കരണത്തിനും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളിലെ നിര്‍മാണ യൂണിറ്റുകള്‍ക്കാണ് ഇത് നല്‍കുന്നത്. ഭൂമി, കെട്ടിടം, ഉപകരണങ്ങള്‍, ഇലക്ട്രിഫിക്കേഷന്‍, ജനറേറ്റര്‍, ഫര്‍ണിച്ചറുകള്‍, മലിനീകരണ നിയന്ത്രണ സാമഗ്രികള്‍ തുടങ്ങിയ ഇനങ്ങളില്‍ വന്നിട്ടുള്ള സ്ഥിര നിക്ഷേപത്തെ അടിസ്ഥാനമാക്കിയാണ് ഈ ആനുകൂല്യം നല്‍കുന്നത്.
2. നിര്‍മാണ സംരംഭങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് പദ്ധതി
ജില്ലയിലെ കോവിഡ് മഹാമാരി പോലെയുള്ള തക്കതായ കാരണത്താല്‍ ആറുമാസ കാലത്തിലധികമായി പ്രവര്‍ത്തനരഹിതമായി ഇരിക്കുന്നതും
പുനരുദ്ധാരണ സാധ്യതയുള്ളതുമായ വ്യവസായ സംരംഭങ്ങളുടെ പുനരുദ്ധാരണത്തിനും കെട്ടിടം, യന്ത്രങ്ങള്‍ എന്നിവ പുനഃസ്ഥാപിക്കുന്നതിനുമായി സാധ്യമായ പുനരുദ്ധാരണ പദ്ധതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം വഴി നിര്‍മാണ സംരംഭങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് പരമാവധി 15 ലക്ഷം രൂപ ധനസഹായമായി അനുവദിക്കും.
3. പ്രൈം മിനിസ്റ്റര്‍ ഫോര്‍മുലേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് പ്രൈസ്
ജില്ലയിലെ സൂക്ഷ്മ ഭക്ഷ്യസംസ്‌കരണ മേഖലയിലെ സംരംഭങ്ങളുടെ ഉന്നമനത്തിനായി സാമ്പത്തിക സാങ്കേതിക വിപണന പിന്തുണ നല്‍കുന്നതിനായി കേന്ദ്ര ഭക്ഷ്യസംസ്‌കരണ മന്ത്രാലയം സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച് ആത്മ നിര്‍ഭയ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രൈം മിനിസ്റ്റര്‍ ഫോര്‍മുലേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രോസസ്സിംഗ് എന്റര്‍പ്രൈസസ്(PMFME). 'ഒരു ജില്ല ഒരു ഉത്പന്നം' എന്ന മാനദണ്ഡം അടിസ്ഥാനമാക്കി ജില്ലയില്‍ തിരഞ്ഞെടുത്ത അരി ഉല്‍പന്നങ്ങള്‍ പ്രധാന അസംസ്‌കൃത വസ്തുവായി വിവിധ ഭക്ഷ്യോല്‍പാദന നിര്‍മാണം ആരംഭിക്കുന്ന പുതിയ സംരംഭങ്ങള്‍ക്കും മറ്റു ഭക്ഷ്യോല്‍പ്പന്ന സംരംഭങ്ങളുടെ വിപുലീകരണ പദ്ധതികള്‍ക്കും ആകെ പദ്ധതി ചെലവിന്റെ 35% ശതമാനം തുക, പരമാവധി 10 ലക്ഷം രൂപ ക്രെഡിറ്റി ലിങ്ക്ഡ് സബ്‌സിഡിയായി സര്‍ക്കാര്‍ അനുവദിക്കുന്നു. പദ്ധതിയിലേയ്ക്ക് അര്‍ഹരായ സംരംഭകര്‍ക്ക് pmfme.mofpi.gov.in/pmfme/#login എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ അപേക്ഷ സമര്‍പ്പിക്കാം.
4. വ്യവസായ ഭദ്രത
കോവിഡ് പശ്ചാത്തലത്തില്‍ വ്യവസായ സംരംഭകരെ സഹായിക്കുന്നതിനായി വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് വ്യവസായ ഭദ്രത. പദ്ധതി മുഖേന 2020 ജനുവരി 1 മുതല്‍ 2020 മാര്‍ച്ച് 15 വരെ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്ന ഉല്‍പാദന മൂല്യവര്‍ധിത പ്രവര്‍ത്തനം നടത്തുന്ന സംരംഭങ്ങള്‍ എന്നിവ 2020 ജനുവരി 1 മുതല്‍ 2020 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ബാങ്കുകളില്‍ നിന്നും എടുത്തിട്ടുള്ള പുതിയത് /അധിക
ടെം ലോണ്‍, പ്രവര്‍ത്തനമൂലധന വായ്പാ എന്നിവയിലേക്ക് പലിശയിനത്തില്‍ ആറുമാസക്കാലം ബാങ്കിലേക്ക് തിരിച്ചടച്ച് തുകയുടെ 50%, പരമാവധി രൂപ മുപ്പതിനായിരം വീതം ആകെ അറുപതിനായിരം പലിശ ധനസഹായമായി ഒരു സംരംഭത്തിന് അനുവദിക്കും. അര്‍ഹരായ സംരംഭങ്ങള്‍ക്ക് dic.kerala.gov.in/iss/web/index. php എന്ന വെബ് പോര്‍ട്ടലിലൂടെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
5. നാനോ സംരംഭങ്ങള്‍ക്കുള്ള മാര്‍ജിന്‍ മണി ഗ്രാന്റ്
സംസ്ഥാനത്ത് കൂടുതല്‍ സംരംഭകര്‍ നാനോ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച വ്യവസായ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് നാനോ സംരംഭങ്ങള്‍ക്കുള്ള മാര്‍ജിന്‍ മണി ഗ്രാന്‍ഡ് പദ്ധതി. പേര് സൂചിപ്പിക്കുന്നത് പോലെ പത്ത് ലക്ഷം രൂപ വരെ മൊത്തം പദ്ധതി ചെലവ് വരുന്നതും ഭക്ഷ്യോല്‍പാദനം അഥവാ മറ്റു ഉല്‍പാദന മൂല്യവര്‍ധന ഉള്‍പ്പെടുന്ന സേവന പ്രൊപ്പ്രൈറ്ററി നാനോ സംരംഭങ്ങള്‍ക്കാണ് ഈ പദ്ധതി മുഖേന ധനസഹായം നല്‍കുന്നത്. വനിതകള്‍, വികലാംഗര്‍, വിമുക്തഭടന്മാര്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍, എന്നിവരടങ്ങുന്ന സ്‌പെഷ്യല്‍ വിഭാഗക്കാര്‍ക്ക് മുന്‍ഗണന നല്‍കും.
6. പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി (പി എം ഇ ജി പി)
തൊഴിലും ഉല്‍പാദനവും വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പദ്ധതിയാണ് പിഎംഇ ജി പി. ഉല്‍പാദന മേഖലയില്‍ 25 ലക്ഷം വരെയും സേവനമേഖലയില്‍ 10 ലക്ഷം രൂപ വരെയും പരമാവധി പദ്ധതി ചെലവ് വരുന്ന പുതിയസംരംഭങ്ങള്‍ ഈ പദ്ധതിയിലൂടെ വായ്പ ബന്ധിതമായി ആരംഭിക്കാം. അപേക്ഷയും അനുബന്ധ രേഖകളും www.kviconline.gov.in എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കണം.
7. ദി കേരള സ്ട്രെസ്സ്ഡ് എം എസ് എം ഇ റിവൈവല്‍ ആന്റ് റിഹാബിലിറ്റേഷന്‍ സ്‌കീം
തകര്‍ച്ച നേരിടുന്ന പീഡിത വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് അവയുടെ ഉല്‍പാദന രഹിതമായ ആസ്തികളെ ഉല്‍പാദന ആസ്തികളാക്കി മാറ്റുന്നതിന് അഞ്ച് ലക്ഷം രൂപവരെ സാമ്പത്തിക സഹായം നല്‍കുന്നു.
നിലവിലുള്ള ബാങ്ക് വായ്പ പുനക്രമീകരിച്ച് ബാങ്ക് നല്‍കുന്ന അധിക വായ്പയ്ക്ക് ആവശ്യമായ ഗുണഭോക്ത വിഹിതത്തിന്റെ 50% പരമാവധി രണ്ടു ലക്ഷം രൂപവരെ സാമ്പത്തിക സഹായം നല്‍കുന്നു.
വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുള്ള പുനരുദ്ധാരണ പദ്ധതി രേഖയുടെ അടിസ്ഥാനത്തില്‍ ബാങ്ക് നല്‍കുന്ന അധിക വായ്പയില്‍ ആദ്യ വര്‍ഷം ആറ് ശതമാനം പലിശ സബ്‌സിഡി പരമാവധി ഒരു ലക്ഷം രൂപ നല്‍കും.
8. സംരംഭകത്വ വികസന ക്ലബുകള്‍(ഇ ഡി ക്ലബ്ബുകള്‍)
വിദ്യാര്‍ത്ഥികളുടെ ഇടയില്‍ സംരംഭകത്വം വളര്‍ത്തുന്നതിനും വ്യവസായ മേഖലയുടെ വളര്‍ച്ചയെ പറ്റി യുവതലമുറയെ ബോധ്യമുള്ളവരാക്കുന്നതിനുമുള്ള പദ്ധതി. കോളേജുകള്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍/ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പോളിടെക്‌നിക്, ഐടിഐ എന്നിവിടങ്ങളില്‍ ഇ ഡി ക്ലബ്ബുകള്‍ ആരംഭിക്കാം. ഇഡി ക്ലബ്ബില്‍ ഏറ്റവും കുറഞ്ഞത് 25 അംഗങ്ങള്‍ വേണം. ഒരു സാമ്പത്തിക വര്‍ഷം ഇരുപതിനായിരം രൂപ രണ്ട് ഗഡുക്കളായി നല്‍കും. ക്ലബ്ബുകള്‍ വഴി ബോധവല്‍ക്കരണ ക്ലാസുകള്‍, ക്ലിനിക്കുകള്‍, വര്‍ക്ക് ഷോപ്പ്, ചര്‍ച്ച മുതലായവ സമര്‍പ്പിക്കാം.
9. മൈക്രോ ആൻ്റ് സ്‌മോള്‍ എന്റര്‍പ്രൈസസ് ക്ളസ്റ്റര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം (എം എസ് ഇ സി ഡി പി)
ഒരു പ്രദേശം കേന്ദ്രീകരിച്ചുള്ളതോ സമാനമായ വെല്ലുവിളികള്‍ നേരിടുന്നതോ ആയ സൂക്ഷ്മ ചെറുകിട സംരംഭങ്ങളുടെ ഉല്‍പാദന ക്ഷമത വര്‍ദ്ധിപ്പിച്ച് അവയെ ആഗോള വിപണിക്ക് പ്രാപ്തമാക്കുന്നതിനുള്ള പദ്ധതി.
10. ആഷ (അസിസ്റ്റന്‍സ് സ്‌കീം ഫോര്‍ ഹാന്‍ഡിക്രാഫ്റ്റ് ആര്‍ട്ടിസന്‍സ്)
കരകൗശല മേഖലയിലുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് ഈ മേഖലയില്‍ സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കും.
വിശദ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക. ജില്ലാ വ്യവസായ കേന്ദ്രം തൃശൂര്‍ - 0487 2361945, 2360847
താലൂക്ക് വ്യവസായ ഓഫീസ്, തൃശൂര്‍ - 9446319920
താലൂക്ക് വ്യവസായ ഓഫീസ്, മുകുന്ദപുരം -9633535471
താലൂക്ക് വ്യവസായ ഓഫീസ്, തലപ്പിള്ളി - 8075518524
താലൂക്ക് വ്യവസായ ഓഫീസ്, ചാവക്കാട് -9446489105
താലൂക്ക് വ്യവസായ ഓഫീസ്, കൊടുങ്ങല്ലൂര്‍ - 9447543397