തീരദേശത്ത് സജ്ജമായി ദുരന്തനിവാരണ സേന
അതിശക്തമായ മഴയെ തുടർന്നുള്ള ഏത് അടിയന്തരഘട്ടവും നേരിടാനുള്ള തയ്യാറെടുപ്പുകളുമായി സജ്ജരായി തീരദേശ മേഖലയായ അഴീക്കോട്ടെ ദുരന്തനിവാരണസേന. ദുരന്തങ്ങള്‍ ഉണ്ടായാല്‍ തീരവാസികളെ രക്ഷിക്കാന്‍ തക്ക പൂര്‍ണ്ണസജ്ജരായി 87 സന്നദ്ധപ്രവർത്തകരാണ് സേനയിലുള്ളത്.
കടലോര ജാഗ്രതാസമിതി, ജാഗ്രത അഴീക്കോട്, ഗോവയിൽ പരിശീലനം നേടിയ ഫിഷറീസിന്റെ റെസ്ക്യൂ ടീമംഗങ്ങൾ, മറ്റ് സന്നദ്ധസംഘടനാ വളന്റിയർമാർ എന്നിവരടങ്ങുന്നതാണ് ദുരന്തനിവാരണ സേന. വെള്ളപ്പൊക്കം, കടലേറ്റം എന്നിവ നേരിടുന്നതിനും, അപകടങ്ങള്‍ സംഭവിക്കാതെ കൈകാര്യം ചെയ്യുന്നതിനും പൂര്‍ണ്ണ സജ്ജമാണ് സേന. അഴീക്കോട് കടലോര ജാഗ്രതാ സമിതിയും സേനാപ്രവർത്തകരായി രംഗത്തുണ്ട്. ജില്ലയിലെ തീരദേശ മേഖലയുടെ സുരക്ഷ ശക്തമാക്കാനാണ് ജില്ലാതല കടലോര ജാഗ്രതാസമിതി അഴീക്കോട് രൂപീകൃതമായത്. കടല്‍ വഴിയുള്ള ദേശ വിരുദ്ധ ശക്തികളുടെ ആക്രമണം തടയുന്നതിന് അഴീക്കോട് തീരദേശ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും കടലോര ജാഗ്രതാ സമിതിയും സംയുക്തമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അഴീക്കോട് തീരദേശ പൊലീസിന്റെയും ഫിഷറീസ് വകുപ്പിന്റെയും നാട്ടുകാരുടെയും പൂര്‍ണമായ സഹകരണത്തോടെയാണ് പ്രവര്‍ത്തനം. 2018ലെ പ്രളയ സമയത്ത് സമിതിയുടെ കീഴില്‍ 11 ബോട്ടുകളാണ് സുരക്ഷാ ടീമുമായി വിവിധ ഇടങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പോയത്.
ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെയും സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെന്റിന്റെയും മുന്നറിയിപ്പിനെ തുടർന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം ശനിയാഴ്ച അഴീക്കോട് തീരദേശ പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്നിരുന്നു. ഏതുഘട്ടത്തിലും തീരദേശ പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദേശ പ്രകാരം എവിടെയും രക്ഷാപ്രവർത്തനത്തിന് തയ്യാറാണെന്ന് ദുരന്തനിവാരണ സേനാംഗങ്ങൾ പറഞ്ഞു.