കലക്ട്രേറ്റിൽ ദുരന്ത നിവാരണ പ്രതിജ്ഞാദിനം ആചരിച്ചു
'ഒരുമിച്ച് മാത്രം' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തിന്റെ ഭാഗമായി കലക്ട്രേറ്റിൽ ദുരന്ത നിവാരണ പ്രതിജ്ഞാദിനം ആചരിച്ചു. തൃശൂർ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ പ്ലാനിംഗ് ഓഫീസും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
ദുരന്തമുഖങ്ങളിൽ എല്ലാ വിഭാഗങ്ങളുടെയും ഒത്തൊരുമയാണ് വേണ്ടതെന്നും ഇതിനായി എല്ലാവരും കൈകോർത്ത് പ്രവർത്തിക്കണമെന്നും കലക്ടർ പറഞ്ഞു. തൃശൂർ ജില്ലയിൽ പല പ്രദേശങ്ങളിലും ദുരന്തസാധ്യതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മുൻ ധാരണകളോട് കൂടിയുള്ള പ്രവർത്തനമാണ് വേണ്ടതെന്നും കലക്ടർ കൂട്ടിചേർത്തു.
കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എ ഡി എം റെജി പി ജോസഫ്, ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടർ മധുസൂദനൻ ഐ ജെ, ജില്ലാ പ്ലാനിംഗ് ഓഫീസർ പ്രതിനിധിയായ റിസർച്ച് ഓഫീസർ അരുൺ എ എസ്, ഹസാർഡ് അനലിസ്റ്റ് സുസ്മി, ജില്ലാ ദുരന്ത നിവാരണ പ്ലാൻ കോർഡിനേറ്റർ നൗഷബ നാസ് എന്നിവർ പങ്കെടുത്തു.
ദുരന്ത ലഘൂകരണ ദിനത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ദുരന്തനിവാരണ പ്രതിജ്ഞ ചൊല്ലി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറി എന്നിവർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പരിപാടികൾ സംഘടിപ്പിച്ചത്.
യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയുടെ നേതൃത്വത്തിൽ ദുരന്ത വ്യാപനവും ആഘാതവും പരമാവധി കുറയ്ക്കാനുള്ള തയ്യാറെടുപ്പുകളാണ് സെന്റൈ ഫ്രെയിംവർക്ക് ഫോർ ഡിസാസ്റ്റർ റിഡക്ഷൻ( Sendai Framework For Disaster Reduction) 2015 - 2030 മുന്നോട്ടു വയ്ക്കുന്നത്. 2016ൽ ആരംഭിച്ച സെന്റൈ സെവൻ ക്യാമ്പയ്ൻസ് (Sendai Seven Campaigns) ഏഴു വർഷങ്ങളിലായി ഏഴു ടാർഗെറ്റുകളിലാണ് ക്യാമ്പയിൻ നടത്തി വരുന്നത്. ക്യാമ്പയിന്റെ ഈ വർഷത്തെ തീമാണ് ഒരുമിച്ച് മാത്രം (ONLY TOGETHER).