അവിശ്വാസം പരാജയപ്പെട്ടു, ബോറിസ് ജോൺസൺ തുടരും

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെതിരേ സ്വന്തം പാർട്ടിയിലെ എംപിമാർ കൊണ്ടു വന്ന അവിശ്വാസം പരാജയപ്പെട്ടു. അദ്ദേഹതിതിന് വീണ്ടും അധികാരത്തിൽ തുടരും. 211 പാർട്ടി എംപിമാർ ജോൺസണെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 148 എതിർത്തു. കൺസർവേറ്റീവ് പാർട്ടിയിൽ ബോറിസിന്റെ നേതൃത്വം ചോദ്യം ചെയ്ത് കൂടുതൽ എംപിമാർ രംഗത്തെത്തിയതോടെയാണ് അവിശ്വാസം വോട്ടെടുപ്പിലേക്ക് നീങ്ങിയത്. ഒന്നാം കൊവിഡ് ലോക്ഡൗൺ സമയത്ത് ചട്ടം ലംഘിച്ച് ഔദ്യോഗിക വസതിയിൽ മദ്യ പാർട്ടി നടത്തിയ വിവരം പുറത്ത് വന്നതോടെയാണ് ബോറിസിനെതിരായ നീക്കങ്ങൾക്ക് തുടക്കമാകുന്നത്. മദ്യ വിരുന്നിൽ പങ്കെടുത്തെന്ന് സമ്മതിച്ച ബോറിസ് പാർലമെന്റിൽ ക്ഷമാപണം നടത്തിയെങ്കിലും പ്രതിപക്ഷവും ഭരണപക്ഷത്തിലെ ചിലരും രാജിയിൽ ഉറച്ചു നിന്നു. ഇതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാനായി കമ്മീഷൻ രൂപീകരിച്ചു. ബോറിസിന്റെ വസതിയിൽ മാത്രമല്ല, മറ്റു മന്ത്രി മന്ദിരങ്ങളിലും സമാനമായ സൽക്കാരങ്ങൾ നടന്നെന്നും അതിൽ ബോറിസും പങ്കെടുത്തെന്നും അന്വേഷണ കമ്മീഷൻ കണ്ടെത്തി. ഈ റിപ്പോർട്ടിന്റെ പൂർണ രൂപം കഴിഞ്ഞ ആഴ്ചയാണ് പുറത്ത് വന്നത്. ഇതോടെയാണ് രാജി ആവശ്യം കൂടുതൽ ശക്തമായത്.