താലിബാനെ ചൊല്ലി തർക്കം, സാർക്ക് വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി

ശനിയാഴ്ച ന്യൂയോർക്കിൽ നടക്കാനിരുന്ന സാർക്ക് വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്താനെ പ്രതിനിധീകരിച്ച് താലിബാനെ പങ്കെടുപ്പിക്കണം എന്ന ആവശ്യം പാകിസ്താൻ ഉന്നയിക്കുകയും ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങൾ എതിർപ്പുയർത്തുകയും ചെയ്ത സാഹചര്യത്തിലാണ് യോഗം റദ്ദാക്കിയത്.

അഫ്ഗാനിസ്താൻ്റെ പ്രാതിനിധ്യത്തെ ചൊല്ലി അംഗ രാജ്യങ്ങൾക്കിടയിൽ സമവായം ഉണ്ടായില്ല. യു എൻ പൊതുസഭയോട് അനുബന്ധിച്ചുള്ള യോഗത്തിൻ്റെ ഇത്തവണത്തെ ആതിഥേയ രാഷ്ട്രം നേപ്പാൾ ആയിരുന്നു.

താലിബാൻ്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിനെ ഇന്ത്യ ഇതേവരെ അംഗീകരിച്ചിട്ടില്ല. മന്ത്രിസഭാംഗങ്ങളിൽ പലരും യു എൻ കരിമ്പട്ടികയിൽ ഉൾപ്പെട്ടവരാണ്. ആമിർ ഖാൻ മുത്തഖിയാണ് ഇടക്കാല സർക്കാരിൽ വിദേശകാര്യ മന്ത്രിയുടെ ചുമതല വഹിക്കുന്നത്. ഐക്യരാഷ്ട്ര സഭയുമായി ബന്ധമുളള ഒരു പരിപാടിയിലും അദ്ദേഹത്തെ പങ്കെടുപ്പിക്കാൻ ഇടയില്ല.

കഴിഞ്ഞയാഴ്ച നടന്ന ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ യോഗത്തിലും താലിബാന് എതിരെ ശക്തമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. താലിബാനെ സ്വീകരിക്കുന്നതിനും അംഗീകരിക്കുന്നതിനും മുന്നോടിയായി ലോകം ചിന്തിക്കണമെന്നാണ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. സ്ത്രീകൾക്കോ ന്യൂനപക്ഷങ്ങൾക്കോ പ്രാതിനിധ്യമില്ലാത്ത സർക്കാരാണ് കാബൂളിൽ നിലവിലുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, ഭൂട്ടാൻ, മാലദ്വീപ്, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് സാർക്കിൽ ഉള്ളത്.

Related Posts