വൈപ്പിൻ കരയോടുള്ള അവഗണന അവസാനിപ്പിക്കണം: മുഖ്യമന്ത്രിക്ക് അന്നാ ബെന്നിന്റെ തുറന്ന കത്ത്
കൊച്ചി: മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി നടി അന്ന ബെൻ. വൈപ്പിൻ കരയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. വൈപ്പിൻകരയിലെ ബസുകൾ നഗരത്തിലേക്ക് പ്രവേശിക്കുന്നത് 18 വർഷമായിട്ടും നടപ്പാക്കിയിട്ടില്ല. മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നും അന്ന ബെൻ അയച്ച കത്തിൽ പറയുന്നു. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്, വൈപ്പിൻകരയെ വന്‍കരയുമായി ബന്ധിപ്പിക്കുന്ന ഒരു പാലം ഞങ്ങളുടെ മുൻ തലമുറയുടെ സ്വപ്നത്തിൽ പോലും ഇല്ലാതിരുന്ന ഒരു കാലത്ത് വൈപ്പിൻ കരയുടെ മനസ്സിൽ അത്തരമൊരു സ്വപ്നത്തിന്‍റെ വിത്ത് പാകിയത് ആ വലിയ മനുഷ്യനാണ്, സഹോദരൻ അയ്യപ്പൻ. വൈപ്പിൻകരക്കാരുടെ ചിരകാല സ്വപ്നമായിരുന്ന ഗോശ്രീ പാലങ്ങൾ യാഥാർത്ഥ്യമായിട്ട് വർഷങ്ങളായി. പാലങ്ങൾ വന്നാൽ അഴിമുഖത്ത് കൂടിയുള്ള അപകടം ഉറ്റുനോക്കുന്ന യാത്രയിൽ നിന്ന് ഞങ്ങൾക്ക് മോചനം ലഭിക്കുമെന്നും കൊച്ചി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നേരിട്ട് ബസ്സിൽ എത്താൻ കഴിയുമെന്നും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. പാലം വന്നു, ബസ്സുകളും വന്നു. പക്ഷേ വൈപ്പിന്‍കരക്കാരെ ഇന്നും നഗരത്തിന്റെ പടിവാതില്‍ക്കല്‍ നിര്‍ത്തിയിരിക്കുകയാണ്. ഞങ്ങള്‍ ഹൈക്കോടതിക്കവലയില്‍ ബസിറങ്ങി അടുത്ത ബസ് സ്റ്റോപ്പിലേക്ക് നടന്ന് മറ്റൊരു ബസ്സില്‍ കയറി വേണം നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്കു പോകാൻ. സെന്റ് തെരേസാസില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലം മുഴുവന്‍ ഈ ബുദ്ധിമുട്ട് ഞാനും അനുഭവിച്ചതാണ്. ജില്ലയുടെ എല്ലാ ഭാഗത്തുനിന്നും നഗരത്തിലേക്ക് ബസുകൾ വരുന്നു. വൈപ്പിൻ ബസുകൾക്ക് മാത്രം നഗരത്തിലേക്ക് പ്രവേശനമില്ല. വൈപ്പിൻകരയോടുള്ള അവഗണന ഒരു തുടർക്കഥയായി മാറുകയാണ്. സ്ഥാപിത താൽപ്പര്യക്കാരും ചില ഉദ്യോഗസ്ഥരും ഉയർത്തുന്ന നിയമത്തിന്റെ നൂലാമാലകൾ, അർപ്പണബോധവും, ഉറച്ച തീരുമാനങ്ങളെടുക്കുവാൻ കഴിവുമുള്ള അങ്ങ് നിഷ്പ്രയാസം മറികടക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്, വൈപ്പിൻ ജനതയുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു. അന്ന ബെൻ എഴുതി.