ഒളകര ആദിവാസി കോളനി സന്ദർശിച്ച് ജില്ലാ കലക്ടർ
ഒളകരയിൽ ആദിവാസികൾക്ക് വനഭൂമി വിതരണം ചെയ്യുന്നതിനായി സർവേ നടത്തിയ സ്ഥലം സന്ദർശിച്ച് ജില്ലാ കലക്ടർ ഹരിത വി കുമാർ. ആദിവാസികൾക്ക് വനാവകാശ നിയമപ്രകാരം ഭൂമി അനുവദിക്കുന്നതിനുള്ള നിയമതടസ്സങ്ങൾ എത്രയും വേഗം പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കോളനിവാസികൾക്ക് കലക്ടർ ഉറപ്പ് നൽകി. സംസ്ഥാന റവന്യൂ മന്ത്രി കെ രാജൻ, പട്ടികജാതി പട്ടികവർഗ്ഗ മന്ത്രി കെ രാധാകൃഷ്ണൻ എന്നിവരുടെ നിർദേശത്തെ തുടർന്നായിരുന്നു സന്ദർശനം.
ഒളകരയിലെ 44 ആദിവാസി കുടുംബങ്ങൾക്ക് വനഭൂമി നിയമപ്രകാരം ഭൂമി നൽകുന്നതിനായി വനത്തിനുള്ളിൽ സർവ്വേ നടപടികൾ പൂർത്തിയാക്കിയിരുന്നു. സർവ്വേ പൂർത്തിയാക്കിയ വനഭൂമിയിലെ താളിക്കുഴി, കരികാളി അമ്പലം, ആനക്കുഴി, ശ്മശാനം എന്നീ സ്ഥലങ്ങളാണ് കലക്ടർ സന്ദർശിച്ചത്.
ഒളകര ആദിവാസി മൂപ്പത്തി മാധവിയോടും ഊര് നിവാസികളോടും സംസാരിച്ച് കലക്ടർ അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. ആദിവാസികൾക്ക് അനുവദിച്ച വനഭൂമി വനത്തിനുള്ളിലായതിനാൽ വന്യമൃഗശല്യമില്ലാതെ താമസിക്കുന്നതിനായി
ഊരിനോട് ചേർന്നുള്ള സ്ഥലം നൽകണമെന്ന ആവശ്യം ഊര് നിവാസികൾ കലക്ടറെ അറിയിച്ചു. കോളനി നിവാസികളുടെ ആവശ്യങ്ങളിലും അടിയന്തര വിഷയങ്ങളിലും ഉടൻ പരിഹാരം കാണുമെന്ന് കലക്ടർ ഉറപ്പ് നൽകി.
ആദിവാസി ഊരിലേക്കുള്ള റോഡും ശ്മാശനത്തിലേക്കുള്ള വഴിയും ഷെഡും തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് നിർമ്മിക്കാൻ ഫോറസ്റ്റ് അധികൃതർ അനുമതി നൽകിയാൽ നിർമ്മാണപ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കുമെന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ പറഞ്ഞു.
ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ വി പി സുനിൽ കുമാർ, സെക്ഷൻ ഓഫീസർമാരായ കെ റിയാസ്, കെ ബൈജു, പീച്ചി പോലിസ് എഎസ്ഐ അജികുമാർ, ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസർ സവിത, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, ബി ഡി ഒ ബൈജു, റവന്യൂ ഉദ്യോഗസ്ഥർ, വാർസ് മെമ്പർ സുബൈദ, പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ കലക്ടർക്കൊപ്പം ഒളകര കോളനി സന്ദർശിച്ചു.