ജില്ലാതല ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രധാനമന്ത്രിയുടെ പ്രത്യേക തൊഴില്‍ദായക പദ്ധതിയെക്കുറിച്ച് ജില്ലാതല ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. സാഹിത്യ അക്കാദമി ഹാളില്‍ നടന്ന പരിപാടി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

വികസനമെന്നാല്‍ ഏറ്റവും താഴെക്കിടയിലുള്ള ജനങ്ങളുടെ അഭിവൃദ്ധിയാണെന്നും ഗ്രാമീണ മേഖലയിലെ തൊഴില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കപ്പെടുന്നത് അതിദാരിദ്ര്യം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന ജനങ്ങളെയെല്ലാം ഒന്നിപ്പിക്കാന്‍ ഖാദിക്ക് കഴിയും. ഖാദി മേഖലയിലെ തൊഴിലാളികള്‍ക്ക് സംരക്ഷണം നൽകാൻ ഇവരുടെ വസ്ത്രങ്ങള്‍ക്ക് പ്രചാരണം നല്‍കണം. ഖാദി മേഖലയില്‍ മിനിമം കൂലി ഉറപ്പാക്കാനും തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ കെ വി ഐ സി സൗത്ത് സോണ്‍ മെമ്പര്‍ ശേഖര്‍ റാവു പെരാല മുഖ്യാതിഥിയായി. പ്രധാനമന്ത്രി പ്രത്യേക തൊഴില്‍ദായക പദ്ധതിയെക്കുറിച്ചും സംരംഭകത്വ പരിപാടികളെക്കുറിച്ചും അതിൻ്റെ സവിശേഷതകളെക്കുറിച്ചും ശേഖര്‍ റാവു പെരാല വിശദീകരിച്ചു. ജനങ്ങള്‍ ഇത്തരം ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എം എസ് എം ഇ മന്ത്രാലയം ആവിഷ്‌ക്കരിച്ച് ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും ഖാദി ഗ്രാമ വ്യവസായ കമ്മീഷനും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി നടപ്പിലാക്കി വരുന്ന തൊഴില്‍ദായക പദ്ധതിയാണ് പി എം ഇ ജി പി. ഗ്രാമീണ മേഖലയില്‍ ആരംഭിക്കുന്ന 25 ലക്ഷം വരെ പദ്ധതി ചെലവ് വരുന്ന വ്യവസായ സംരംഭങ്ങള്‍ക്ക് മൊത്തം പദ്ധതി ചെലവിൻ്റെ 25% മുതല്‍ 35% വരെ സബ്‌സിഡി അനുവദിക്കും. ഉല്‍പാദന മേഖലയില്‍ 25 ലക്ഷവും സേവന മേഖലയില്‍ 10 ലക്ഷവുമാണ് പദ്ധതി ചെലവിൻ്റെ പരിധി. ബാങ്കില്‍ നിന്ന് ലഭിക്കുന്ന വായ്പയുടെ അടിസ്ഥാനത്തിലാണ് സബസിഡി അനുവദിക്കുന്നത്. പ്രസ്തുത പദ്ധതിയുടെ പ്രചരണത്തിനായി നടത്തിയ ക്യാമ്പില്‍ കെ വി ഗിരീഷ് കുമാര്‍, ടി വി അശോക് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഖാദി ബോര്‍ഡ് സെക്രട്ടറി ഡോ.കെ എ രതീഷ് സ്വാഗതവും ഗ്രാമ വ്യവസായ ഓഫീസര്‍ ടി എസ് മിനി നന്ദിയും രേഖപ്പെടുത്തി. വാര്‍ഡ് കൗണ്‍സിലര്‍ റെജി ജോയ്, കെ വി ഐ സി ഡയറക്ടര്‍ വി രാധാകൃഷ്ണന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ എസ് കൃപകുമാര്‍, ലീഡ് ബാങ്ക് മാനേജര്‍ കെ കെ അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Related Posts