ജില്ലാതല ബാലസഭ ഫുട്ബോള്‍ ടൂര്‍ണമെന്‍റ്: കടപ്പുറം സി.ഡി.എസ് ജേതാക്കളായി

കുടുംബശ്രീ ജില്ലാ മിഷന്‍റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്കായി കൂര്‍ക്കഞ്ചേരി ഹേയ്നിസ് സ്പോര്‍ട്ട്സ് ആന്റ് ഫിറ്റ്നസ് സെന്‍ററില്‍ നടത്തിയ ജില്ലാതല സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ കടപ്പുറം സി.ഡി.എസ് ടീം കിരീടം നേടി. മാടക്കത്തറ സി.ഡി.എസ് ടീം റണേഴ്സ് അപ്പും ആയി.
ജില്ലാ മിഷന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്ലസ്റ്റര്‍ തല മത്സരങ്ങളില്‍ നിന്ന് വിജയിച്ച 16 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്‍റില്‍ ഓരോ ടീമും ഒന്നിനൊന്ന് മികവ് പുലര്‍ത്തി. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ നിര്‍മ്മല്‍ എസ് സി ബോള്‍ കിക്ക് ഓഫ് ചെയ്ത് ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്തു. അവിണിശ്ശേരി, കോലഴി, തൃശൂര്‍ കോര്‍പ്പറേഷന്‍-1, അന്തിക്കാട്, പാറളം, മാടക്കത്തറ, കുന്നംകുളം -2, പുത്തൂര്‍, കാറളം, ദേശമംഗലം, മതിലകം, ഏങ്ങണ്ടിയൂര്‍, കടപ്പുറം, പഴയന്നൂര്‍, ഒരുമനയൂര്‍, കുഴൂര്‍ ടീമുകള്‍ ആണ് ക്ലസ്റ്റര്‍ തലത്തില്‍ നിന്ന് മത്സരത്തില്‍ വിജയിച്ച് ജില്ലാതല ടൂര്‍ണമെന്‍റില്‍ പങ്കെടുത്തത്.
ബാലസഭ കുട്ടികളുടെ കായികാഭിമുഖ്യം വളര്‍ത്തുകയും, ആരോഗ്യപരമായി ജീവിക്കേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തുവാനുമാണ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചത്. കുട്ടികളിലുണ്ടാകുന്ന അമിതവണ്ണം, പഠനത്തിലെ ശ്രദ്ധ കുറവ് എന്നിവ മാറ്റുന്നതിനും ചലനാത്മകത വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കും. ജില്ലാതല മത്സരത്തിന് മുന്‍പ് നാല് ക്ലസ്റ്ററുകളിലായി സംഘടിപ്പിച്ച നൂറില്‍പരം മത്സരങ്ങളില്‍ ജില്ലയിലെ വിവിധ കുടുംബശ്രീ സിഡിഎസ് കളെ പ്രതിനിധീകരിച്ച് ആയിരത്തില്‍ അധികം ബാലസഭ കുട്ടികള്‍ പങ്കെടുത്തിരുന്നു.