കാലികമായി 'സ്വാതന്ത്ര്യത്തിന്റെ ഭാവി' സെമിനാർ; ഭരണഘടനയിൽ ഊന്നി റവന്യൂമന്ത്രി കെ രാജൻ

സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സെമിനാർ ആശയ വ്യക്തത കൊണ്ടും കാലിക പ്രസക്തികൊണ്ടും ശ്രദ്ധേയമായി. "സ്വാതന്ത്ര്യത്തിന്റെ ഭാവി' എന്ന വിഷയത്തിൽ നടന്ന സെമിനാറിന്റെ ജില്ലാതല ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. തൃശൂർ മോഡൽ ബോയ്സ് സ്കൂൾ അങ്കണത്തിൽ കുട്ടികൾ, അധ്യാപകർ, ജനപ്രതിനിധികൾ അടങ്ങിയ സദസിലാണ് മന്ത്രി സെമിനാർ ഉദഘാടനം ചെയ്തത്.

കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പ്രൊഫ. കെ സച്ചിദാനന്ദൻ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തി. പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള 7 ലക്ഷത്തോളം കുട്ടികൾ പരിപാടിയുടെ ഭാഗമായി. സെമിനാറിന്റെ പ്രചരണം ലക്ഷ്യമാക്കി മാർത്തോമ്മ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ളാഷ് മോബ് പൊതുജന ശ്രദ്ധനേടി.

ജില്ലയിലെ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് വീടുകളിൽ ഉയർത്താനുള്ള പതാകകൾ നാഷണൽ സർവീസ് സ്കീം ചടങ്ങിൽ കൈമാറി. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപക സംഘടന നേതാക്കൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പ്രതിജ്ഞചൊല്ലി. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലെയും കുട്ടികളും അധ്യാപകരും ഇതേ സമയം ഭരണഘടന ആമുഖം വായിച്ചു.

ഭരണഘടനയുടെ പ്രസക്തി അടിവരയിടുന്നതായിരുന്നു മന്ത്രി കെ രാജന്റെ ഉദ്ഘാടന പ്രസംഗം. ഇന്ത്യ എന്നത് ഒരൊറ്റ സംസ്കാരമല്ലെന്നും വിഭാഗീയതയുടെ കാലത്ത് ബഹുസ്വരതയെ ചേർത്തുപിടിക്കുക എന്നതാണ് കാലം ആവശ്യപ്പെടുന്നതെന്നും മന്ത്രി അടിവരയിട്ടു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ പോലും ചോദ്യം ചെയ്യുന്ന അഭിപ്രായ പ്രകടനങ്ങൾ ഇന്നുണ്ടാകുന്നത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ തലമുറ ഭരണഘടനയുടെ സംരക്ഷകരാകേണ്ടതിന്റെ ആവശ്യകതയും മന്ത്രി ഓർമ്മിപ്പിച്ചു. ജനങ്ങളുടെ അവകാശത്തെ സംരക്ഷിക്കുന്നതിനൊപ്പം അഭിപ്രായങ്ങൾ തുറന്ന് പറയാനുള്ള കരുത്ത് നൽകുന്നത് ഭരണഘടനയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് ജില്ലയിൽ നടന്നു കൊണ്ടിരിക്കുന്നത്. കുട്ടികൾ, അധ്യാപകർ, പിടിഎ, എംപിടിഎ അംഗങ്ങൾ തുടങ്ങിയവർ ചേർന്ന് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്, ഗാന്ധിമരം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. സൈക്കിൾ റാലി, പ്രശ്നോത്തരി, ദേശഭക്തിഗാന മത്സരം തുടങ്ങിയവ സ്കൂൾ തലത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഹർ ഘർ തിരംഗ പ്രചാരണത്തിന്റെ ഭാഗമായി ആഗസ്റ്റ് 13, 14, 15 തീയതികളിൽ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദേശീയപതാക ഉയർത്തും. വിദ്യാഭ്യാസ വകുപ്പിനൊപ്പം ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ഗാന്ധിദർശൻ, ജില്ലാ ശാസ്ത്ര ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

പി ബാലചന്ദ്രൻ എം എൽ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ജില്ലാ കലക്ടർ ഹരിത വി കുമാർ തുടങ്ങിയവർ സെമിനാർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Related Posts