തെളിനീരൊഴുകും നവകേരളം; ജലശുചിത്വ യജ്ഞത്തിന്റെ ജില്ലാ തല ഉദ്ഘാടനം നടന്നു

തെളിനീരൊഴുകും നവകേരളം സമ്പൂർണ ജലശുചിത്വ യജ്ഞം 2022 ന്റെ തൃശൂർ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ പരിപാടിയുടെ ബ്രോഷർ വൈസ് പ്രസിഡൻ്റ് ഷീന പറയങ്ങാട്ടിലിന് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. 'ഇനി ഞാനൊഴുകട്ടെ 'പരിപാടിയുടെ തുടർച്ചയായാണ് ജല ശുചിത്വ യജ്ജം സംഘടിപ്പിക്കുന്നത്. ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ തിരുവനന്തപുരത്ത് നിർവഹിച്ചു.

ഒരു മാസം നീണ്ടുനിൽക്കുന്ന ബൃഹത്തായ ക്യാമ്പയിനിൽ ജില്ലയിലെ നദികൾ, കുളങ്ങൾ, കായലുകൾ എന്നിവയുടെ നവീകരണമാണ് ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തങ്ങളുടെ പരിധിക്കുള്ളിൽ വരുന്ന ജലസ്രോതസുകളുടെ സർവ്വേ നടത്തുകയും ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്യും. കൂടാതെ നദികളിലെ മാലിന്യം നിർമാർജ്ജനം ചെയ്യുന്നതിനുള്ള ആക്ഷൻ പ്ലാനുകൾ രൂപീകരിക്കുന്നതിനും പരിപാടിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും മലിനജല സംസ്ക്കരണത്തിനും കക്കൂസ് മാലിന്യ നിർമ്മാർജ്ജനത്തിനും ഖരമാലിന്യ സംസ്ക്കരണത്തിനും ശാസ്ത്രീയ സംവിധാനങ്ങളൊരുക്കി ജലസ്രോതസുകളിലേക്കുളള മാലിന്യ നിക്ഷേപം ഇല്ലാതാക്കി ജലശുചിത്വത്തിൽ സുസ്ഥിരത കൈവരിക്കുക, അതിലൂടെ ഖര-ദ്രവ മാലിന്യ പരിപാലനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സമ്പൂർണ്ണ ശുചിത്വ പദവിയിലെത്തിക്കുക എന്നിവയും ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നുണ്ട്.

ജലസ്രോതസുകളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി കർശന നിയമനടപടികൾ സ്വീകരിക്കുക, തീവ്ര വിവര വിജ്ഞാന വ്യാപന ക്യാമ്പയിനിലൂടെ ജലസ്രോതസുകൾ നമ്മുടേതാണ് അത് മാലിന്യ മുക്തമാക്കി സംരക്ഷിക്കേണ്ടതു നമ്മുടെ ഉത്തരവാദിത്തമാണ്" എന്ന സന്ദേശം പൊതുജന മധ്യത്തിലെത്തിക്കുക എന്നിവയാണ് ക്യാമ്പയിനിന്റെ ഭാഗമായ പ്രവർത്തനങ്ങൾ. ജില്ലയിൽ പൊതുജനപങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ , അനുബന്ധ വകുപ്പുകൾ എജൻസികൾ എന്നിവയുടെ സഹകരണത്തോടെ, സംയുക്തമായാണ് ക്യാമ്പയിൻ നടപ്പിലാക്കുന്നത്. ലോക ഭൗമ ദിനത്തിൽ ക്യാമ്പയിൻ അവസാനിക്കും. പരിപാടിയിൽ ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ബിജിത്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Related Posts