സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമ നിർമാർജനം: ജില്ലാതല ഉദ്ഘാടനം നടന്നു

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിന് ആചരിക്കുന്ന അന്താരാഷ്ട്ര ദിനാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം തൃശൂർ ഗവ.ലോ കോളേജിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ നിർവഹിച്ചു. ജെന്റർ പ്രസക്തമാകാതെ വ്യക്തികൾക്ക് പ്രാധാന്യം നൽകുന്ന ഒരു സമൂഹമായി മാറേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് കലക്ടർ ഓർമ്മിപ്പിച്ചു. വ്യക്തിയാണ് പ്രധാനം എന്ന തരത്തിലേയ്ക്ക് ലോകം മാറേണ്ടതുണ്ട്. പുരോഗമന ചിന്താഗതി കാത്തുസൂക്ഷിക്കുന്ന ഒരു തലമുറ ഇവിടെ വളർന്ന് വരുന്നത് നാളെയുടെ നല്ല മാറ്റത്തിന്റെ പ്രതീക്ഷയാണെന്നും കലക്ടർ കൂട്ടിചേർത്തു.

പ്രചാരണത്തിന്റെ ഭാഗമായി മനുഷ്യാവകാശ ദിനമായ ഡിസംബർ 10 വരെ വിവിധ പരിപാടികൾ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് തൃശൂർ തെക്കേ ഗോപുരനടയിൽ നിന്ന് ആരംഭിച്ച സൈക്കിൾ റാലി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് പി കെ രാജു ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് 'നേതൃത്വം സ്ത്രീകളുടെ കൈകളിൽ ഭദ്രമോ' എന്ന വിഷയത്തിൽ വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത സംവാദവും നടന്നു.

ലോ കോളേജ് പ്രിൻസിപ്പൽ ജയദേവൻ വി ആർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസർ മീര പി, എ എം എച്ച് എ ഡയറക്ടർ പി ഭാനുമതി ടീച്ചർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ മഞ്ജു പി ജി, വനിതാ സംരക്ഷണ ഓഫീസർ ലേഖ എസ്, മഹിളാ ശക്തികേന്ദ്രം പ്രതിനിധി സൗമ്യ കാച്ചപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു.

Related Posts