പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഡി പി സി നിർദേശം

തൃശൂർ:

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ജില്ലാ ആസൂത്രണ സമിതി (ഡി പി സി) തദ്ദേശ സ്ഥാപനങ്ങളോട് നിർദ്ദേശിച്ചു. ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ നടന്ന അഡ്ഹോക്ക് ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് നിർദേശം

വിവിധ പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നതോടൊപ്പം തൊഴിൽ നൈപുണ്യ വകുപ്പിൻ്റെ സ്കിൽ രജിസ്ട്രി മൊബൈൽ ആപ്പിൻ്റെ പ്രവർത്തനവും ഓഗസ്റ്റ് മാസത്തിൽ നടത്താനും തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. ഇടനിലക്കാരില്ലാതെ തൊഴിൽ എന്ന പദ്ധതിയിൽ 42 സേവന പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയത്. പദ്ധതി വിജയകരമായി നടപ്പാക്കാൻ ജില്ലാതല ഓഫീസറെയും നിയോഗിച്ചിട്ടുണ്ട്.

ശുചിപൂർണ ജില്ലാപദ്ധതിയുടെ ഭാഗമായി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം സി എഫ്) സംവിധാനം നിലവിലില്ലാത്തതും ഹരിതകർമ സേന പൂർണമായി പ്രവർത്തിക്കാത്തതുമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ഇവയ്ക്കായി സ്ഥലലഭ്യത ഉറപ്പുവരുത്താനും പ്രവർത്തനം നിർബന്ധമാക്കാനും യോഗം നിർദ്ദേശിച്ചു. 

ജില്ലാ പഞ്ചായത്തിൻ്റെയും 33 ഗ്രാമ പഞ്ചായത്തുകളുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ബഹുവർഷ പദ്ധതിയായ കരുവന്നൂർ നദീതട പ്ലാനിനും അംഗീകാരം നൽകി. ജില്ലാ പദ്ധതിയുടെ ഭാഗമായുള്ള സംയോജിത പരിപാടികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയ്ക്ക് 20 കോടി വകയിരുത്തിയിട്ടുണ്ട്. വെണ്ണൂർതുറ നവീകരണം, കൊടകര ഗ്രാമപഞ്ചായത്ത് സ്ത്രീ ശാക്തീകരണ പദ്ധതി എന്നിവയും ഇതിൽ ഉൾപ്പെടുത്തും.

2017-18 മുതൽ ജില്ലയിൽ നടപ്പിലാക്കി വരുന്ന 'ജലരക്ഷ ജീവരക്ഷ' പദ്ധതിയുടെ തുടർഘട്ടമെന്നോണം ജില്ലയിലെ വിശദാംശങ്ങളും ശേഖരിച്ചു കഴിഞ്ഞതായി ജില്ലാ ആസൂത്രണ സമിതി ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് അറിയിച്ചു. ഇതിൻ്റെ ഭാഗമായി ജില്ലയിലെ എല്ലാ കുളങ്ങളും നവീകരിക്കുകയും പുനരുദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുരുവായൂർ നഗരസഭ 2021- 22 ലെ പുതുക്കിയ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം തയ്യാറാക്കിയിരിക്കുന്ന 17.73 കോടി രൂപയുടെ തൊഴിൽ ബജറ്റ്, ആക്ഷൻ പ്ലാൻ എന്നിവ ഡി പി സി അംഗീകരിച്ചു. പദ്ധതിയിൽ ഉൾപ്പെടുത്തി 365627 തൊഴിൽ ദിനങ്ങൾക്കായി 903 പദ്ധതികളാണ് സമർപ്പിച്ചത്.

കലക്ടർ ഹരിത വി കുമാർ, അസിസ്റ്റൻ്റ് കലക്ടർ സൂഫിയാൻ മുഹമ്മദ്, ജില്ലാ വികസന കമ്മീഷണർ അരുൺ കെ വിജയൻ, ജില്ലാ പ്ലാനിങ് ഓഫീസർ എൻ കെ ശ്രീകല തുടങ്ങിയവരും തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Related Posts