പ്ലസ് വണ്‍ പരീക്ഷയ്ക്ക് ജില്ല സജ്ജം

തൃശ്ശൂർ: പ്ലസ് വണ്‍ പരീക്ഷയ്ക്കായുള്ള സജ്ജീകരണങ്ങള്‍ജില്ലയില്‍ പൂര്‍ത്തിയായി. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഹയര്‍സെക്കന്ററി- വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ 56,000 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. പരീക്ഷയ്ക്ക് വേണ്ട അധ്യാപകരെ പൂര്‍ണമായും നിയോഗിച്ചിട്ടുണ്ട്. ക്ലാസില്‍ 20 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയിലാണ് ക്രമീകരണം.ഒരു ചീഫ് സൂപ്രണ്ട്, രണ്ട്ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍ എന്നിവരും ഉണ്ടാകും.ഭിന്നശേഷി കുട്ടികള്‍ക്ക് ആറ് പേര്‍ക്ക് ഒരധ്യാപകനുണ്ടാകും.

പൊതുവിദ്യാഭ്യാസ വകുപ്പ് മാത്രമല്ല ആരോഗ്യം, തദ്ദേശ സ്വയംഭരണ വകുപ്പ്, പൊലീസ്, ട്രാന്‍സ്‌പോര്‍ട്ട്, ഫയര്‍ഫോഴ്സ്, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍, പിടിഎ, പൂര്‍വ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരീക്ഷ നടത്തിപ്പിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത്. പരീക്ഷാ ഹാളുകള്‍, ഫര്‍ണീച്ചര്‍, സ്‌കൂള്‍ പരിസരങ്ങള്‍ എന്നിവയുടെ ശുചീകരണംപൂര്‍ത്തിയാക്കിയിട്ടുണ്ട്. പരീക്ഷ ദിവസങ്ങളില്‍ സ്‌കൂള്‍ ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ പൂര്‍ണമായും സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.

വിദ്യാര്‍ത്ഥികളെ ഒരു കവാടത്തില്‍ കൂടി മാത്രമേ സ്‌കൂളില്‍ പ്രവേശിപ്പിക്കൂകയുള്ളൂ. പ്രവേശന കവാടത്തില്‍ സാനിറ്റൈസര്‍, താപനില പരിശോധന എന്നിവ ആരോഗ്യവകുപ്പ് ജീവനക്കാര്‍ നടത്തും. വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. എ സി ഹാളുകളില്‍ പരീക്ഷ ഉണ്ടായിരിക്കുന്നതല്ല. ക്ലാസ് മുറികളില്‍ പേന, കാല്‍കുലേറ്റര്‍ തുടങ്ങിയവയുടെ കൈമാറ്റം അനുവദിക്കില്ല. കോവിഡ് പോസറ്റീവായ കുട്ടികള്‍ക്ക് ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ സംവിധാനമൊരുക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള കൂട്ടം ചേരലുകള്‍ ഇല്ലാത്ത വിധം സജീകരണങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്.

എല്ലാ പരീക്ഷ സെന്ററുകളിലും മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് മൈക്രോ പ്ലാന്‍ തയ്യാറാക്കി മേഖല ഉപമേധാവി നല്‍കിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് പരീക്ഷാ ജോലിയില്‍ പങ്കെടുക്കുന്ന എല്ലാ അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്കും പ്രത്യേക ക്ലാസ് നല്‍കിയിട്ടുണ്ട്. രക്ഷിതാക്കള്‍ക്ക് കുട്ടികളെ പരീക്ഷയ്ക്ക് കൊണ്ടു വരാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. പൊതുവാഹനങ്ങള്‍ ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗജന്യം അനുവദിക്കുന്നതിന്കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ് മേധാവികള്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം പകരുന്ന വിധത്തിലാണ് ടൈംടേബിള്‍ ക്രമീകരണം. പരീക്ഷകള്‍ തമ്മില്‍ അഞ്ച് ദിവസത്തെ ഇടവേളകളുണ്ട്.ജില്ല വിദ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍, ഹയര്‍ സെക്കന്ററി അക്കാദമിക് കോര്‍ഡിനേറ്റര്‍ വി എം കരീം എന്നിവര്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി രക്ഷിതാക്കളും കുട്ടികളും ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിച്ചു

Related Posts