കൊവിഡ് മാനദണ്ഡങ്ങളിൽ തിടുക്കത്തിൽ ഇളവ് വരുത്തരുത്: ലോകാരോഗ്യ സംഘടന
കൊവിഡ്-19 നിയന്ത്രണങ്ങളിൽ അയവ് വരുത്താൻ ശ്രമിക്കുന്ന രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. മാനദണ്ഡങ്ങളിൽ തിടുക്കപ്പെട്ട് ഇളവ് വരുത്തരുതെന്നും ആവശ്യമെങ്കിൽ നിയന്ത്രണ നടപടികൾ പുനഃസ്ഥാപിക്കാൻ തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു.
വൈറസിന്റെ അതിവേഗം പടരുന്ന, വൻതോതിൽ പരിവർത്തനം ചെയ്യപ്പെടുന്ന ഒമിക്രോൺ ഉപവകഭേദം ബിഎ.2, യഥാർഥ പതിപ്പിനേക്കാൾ അപകടകാരിയാണെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. 57 രാജ്യങ്ങളിൽ ഇത് കണ്ടെത്തിക്കഴിഞ്ഞു. ലോകമെമ്പാടുമുള്ള പ്രബലമായ വകഭേദമായി ബിഎ.2 മാറിയിരിക്കുന്നു. 10 ആഴ്ചയ്ക്കുള്ളിൽ ഏകദേശം 90 ദശലക്ഷം ആളുകളെ ബാധിച്ച ഒമിക്രോണിന്റെ അപകടകരമായ രൂപഭേദമാണ് ബിഎ.2.
ഒമിക്രോൺ വകഭേദത്തിന്റെ കാര്യത്തിൽ പല രാജ്യങ്ങളും അതിന്റെ പാരമ്യതയിൽ എത്തിയിട്ടില്ല. നിരവധി രാജ്യങ്ങളിൽ വാക്സിൻ ചെയ്യപ്പെടാത്ത ജനങ്ങളുടെ എണ്ണം ഭീമമാണ്. നിയന്ത്രണങ്ങളെല്ലാം ഒറ്റയടിക്ക് ഒഴിവാക്കാനുള്ള സമയമായിട്ടില്ല. നിയന്ത്രണങ്ങൾ പ്രയോഗിക്കുന്നതിലും അവ പടിപടിയായി ഒഴിവാക്കുന്നതിലും അതീവ ജാഗ്രത പുലർത്തണമെന്ന് ഡബ്ല്യുഎച്ച്ഒ യിലെ കൊവിഡ്-19 സാങ്കേതിക വിഭാഗം മേധാവിയായ മരിയ വാൻ കെർഖോവ് ലോക രാജ്യങ്ങളോട് അഭ്യർഥിച്ചു