DoNotTouchMyClothes; താലിബാൻ വസ്ത്രധാരണ ചട്ടങ്ങൾക്കെതിരേ ഓൺലൈൻ ക്യാമ്പയിനുമായി അഫ്ഗാന്‍ സ്ത്രീകൾ

കാബൂൾ: അഫ്ഗാനിസ്താനിൽ സ്ത്രീകൾക്കും വിദ്യാർഥിനികൾക്കും താലിബാൻ ഏർപ്പെടുത്തിയ വസ്ത്രധാരണത്തിലെ ചട്ടങ്ങൾക്ക് വിരുദ്ധമായി നിറമുള്ള വസ്ത്രങ്ങൾ ധരിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് അഫ്ഗാൻ സ്ത്രീകളുടെ ഓൺലൈൻ പ്രതിഷേധം. #DoNotTouchMyClothes, #AfghanCulture എന്നീ ഹാഷ്ടാഗുകളോടെയാണ് ചിത്രങ്ങൾ പങ്കുവെയ്ക്കുന്നത്.

ശരീരം മുഴുവനായി മൂടുന്ന വസ്ത്രം ധരിക്കുന്നതല്ല അഫ്ഗാൻ സംസ്കാരം. അത് ധരിക്കുന്നതല്ല നമ്മുടെ വ്യക്തിത്വം എന്ന് സ്വന്തം ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ട് #DoNotTouchMyClothes കാമ്പയിന് തുടക്കം കുറിച്ചുകൊണ്ട് അഫ്ഗാനിലെ അമേരിക്കൻ സർവകലാശാലയിലെ ചരിത്രാധ്യാപികയായ ഡോ. ബഹാർ പറഞ്ഞു. പച്ചനിറത്തിലുള്ള പരമ്പരാഗത വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രമാണ് ബഹാർ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി സ്ത്രീകളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ കാമ്പയിന് പിന്തുണ നൽകികൊണ്ട് മുന്നോട്ട് വരുന്നത്.

സ്കൂളുകളിലും സർവകലാശാലകളിലും പഠിക്കുന്ന കുട്ടികളും അധ്യാപകരും പൂർണമായും ശരീരം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങളായ അബായയോ നിഖാബോ ധരിക്കണമെന്ന് അഫ്ഗാനിൽ അധികാരത്തിലെത്തിയതിനു പിന്നാലെയാണ് താലിബാൻ ഉത്തരവിട്ടത്. കയ്യുറ ധരിക്കണമെന്നും നിർദേശമുണ്ട്. ധരിക്കുന്ന വസ്ത്രം കറുപ്പ് നിറത്തിലുള്ളതാവണമെന്നും ഉത്തരവിട്ടിരുന്നു. ഇതിനെതിരേയാണ് സ്ത്രീകൾ ഓൺലൈൻ കാമ്പയിൻ രംഗത്തെത്തിയത്.

കഴിഞ്ഞദിവസം കാബൂളിലെ സർവകലാശാലയിൽ മൂന്നൂറോളം സ്ത്രീകൾ താലിബാനെ അനുകൂലിച്ച് കറുത്ത വസ്ത്രം ധരിച്ച് പ്രകടനം നടത്തിയിരുന്നു. ഉന്നത സ്ഥാനങ്ങളിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കാനുള്ള താലിബാൻ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്ന് സ്ത്രീകളുടെ ഈ സംഘം പ്രഖ്യാപിച്ചു. ഇതിനെതിരേ കൂടിയാണ് സോഷ്യൽ മീഡിയയിലെ പ്രതിഷേധം.

Related Posts