സ്വർണ്ണം ഒളിഞ്ഞുകിടക്കുന്ന കെജിഎഫ് യഥാർത്ഥത്തിൽ എവിടെയാണെന്ന് അറിയുമോ?
കർണാടകയിലെ കോലാർ ജില്ലയിലാണ് യഥാർത്ഥ കെജിഎഫ് സ്ഥിതി ചെയ്യുന്നത് . കോലാർ സ്വർണ്ണഖനി രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഖനികളിൽ ഒന്നാണ്. നൂറ്റാണ്ടുകൾ മുമ്പ് മുതൽ ഇവിടെ ചെറിയ തോതിലുള്ള സ്വർണ്ണഖനനം നടന്നിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്താണ് കൂടുതൽ കാര്യക്ഷമമായ ഖനനപ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. 1802-ൽ ലെഫ്റ്റനന്റ് ജോൺ വാറൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കായി സർവേ നടത്തുന്നതിനിടയിലാണ് ഈ മേഖലയിലെ സ്വർണനിക്ഷേപത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകുന്നത്. 1873-ഓടെയാണ് ഇവിടെ ആധുനികരീതിയിലുള്ള ഖനനം ആരംഭിക്കുന്നത്.
1953 ജൂൺ മാസത്തിൽ ഇവിടത്തെ ഊറെഗം ഖനിയുടെ ആഴം 9,876 അടി വരെയെത്തി. അക്കാലത്ത് ഏറ്റവും ആഴമേറിയ ഖനിയായിരുന്നു ഇതെന്ന് കരുതപ്പെടുന്നു. ഇന്ത്യയുടെ സ്വന്തം സ്വർണ്ണഖനിയായ കോലാറില്‍ ഖനനം നിലച്ചിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു. കുറഞ്ഞ ധാതുനിക്ഷേപവും, വർധിച്ച ഉല്പാദനച്ചെലവും മൂലം 2004ലാണ് പ്രവർത്തനം നിർത്തുന്നത്. ഗതകാലപ്രതാപത്തിന്റെ സ്മരണയില്‍ മയങ്ങുന്ന ഖനികളുടെയും മനുഷ്യരുടെയും തുടിപ്പുകള്‍ ഇന്നും ഇവിടെയെത്തിയാൽ അനുഭവിച്ചറിയാൻ കഴിയും.