ഡോക്ടർ ടു ഡോർ; തളിക്കുളം ബ്ലോക്കിൽ പുതിയ ആരോഗ്യ പദ്ധതി.

തളിക്കുളം:

തളിക്കുളം ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ കൊവിഡാനന്തര ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കായി ഡോക്ടർ ടു ഡോർ പദ്ധതി ആവിഷ്കരിച്ചു. നിലവിൽ ആശുപത്രികളിൽ ലഭിക്കുന്ന ആരോഗ്യ സേവനങ്ങളെ ജനങ്ങളുടെ വീട്ടുപടിക്കലെത്തിക്കാൻ ലക്ഷ്യമിട്ടാണ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളെ ഡോക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം വീടുകളിലെത്തി പരിഹാരം കാണുന്നു.

ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിൽ ഉള്ള ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി,തളിക്കുളം, നാട്ടിക,വലപ്പാട് എന്നീ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഡോക്ടർ ടു ഡോർ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി പഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും മെഡിക്കൽ ഓഫീസർമാരുടെയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരുടെയും സംയുക്ത യോഗം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദിൻ്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടന്നു. ഡോ. പി കെ രാധാകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. തളിക്കുളം ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ബി സുരേഷ് കുമാർ സ്വാഗതവും സെക്രട്ടറി സി കെ സംഗീത് നന്ദിയും പറഞ്ഞു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് മിനി മുരളി, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് സുശീല സോമൻ, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഭാസി, ബ്ലോക്ക് മെമ്പർമാരായ വസന്ത ദേവലാൽ, സി ആർ ഷൈൻ, ഭഗീഷ് പൂരാടൻ, ജുബി പ്രദീപ്‌ എന്നിവർ സംസാരിച്ചു.

Related Posts