ഡോക്ടർ ടു ഡോർ; ആരോഗ്യ പ്രവർത്തകർ വീടുകളിലേക്ക്
തളിക്കുളം: കൊവിഡാനന്തര ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ആശ്വാസമായി ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ വീടുകളിലേക്ക്. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ച ഡോക്ടർ ടു ഡോർ പദ്ധതിയുടെ ഭാഗമായാണ് സേവനം.
നിലവിൽ പോസ്റ്റ് കൊവിഡ് ആയിട്ടുള്ള ആൾക്കാർക്ക് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നത്. സർക്കാർ ആശുപത്രികളിൽ പോസ്റ്റ് കൊവിഡ് ക്ലിനിക്കിനായി കുറച്ചു സമയം അനുവദിച്ചിട്ടുണ്ട്. അതിനപ്പുറം വീടുകളിലേക്ക് ആരോഗ്യ സേവനം എത്തിക്കുന്ന പദ്ധതിയാണ് ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ചിരിക്കുന്നത്. ഹെൽത്ത് ഇൻസ്പെക്ടർമാർ നഴ്സുമാർ ആശാ പ്രവർത്തകർ ഉൾപ്പെടുന്ന സംഘം അതാത് സ്ഥലങ്ങളിൽ ഉൾപ്പെടുന്ന പോസ്റ്റ് കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ ഉള്ള ആൾക്കാരുടെ വിവരങ്ങൾ ശേഖരിച്ച് ആശുപത്രിയിലെ മെഡിക്കൽ ഓഫീസർമാർ വഴി ഡോക്ടർ ടു ഡോർ ക്ലിനിക് ടീമിന് കൈമാറുന്നു. തുടർന്ന് ഈ ടീം വീടുകൾ സന്ദർശിച്ച് ആവശ്യമായ ചികിത്സ നൽകുന്നു.
തീരദേശ മെഡിക്കൽ യൂണിറ്റിന്റെ പ്രവർത്തനത്തിന് വേണ്ടി ഗവൺമെന്റ് അനുവദിച്ച വണ്ടി ആണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. എൻ എച് എമ്മിലെ ഒരു ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഒരു ഡ്രൈവർ എന്നിവരെ ഈ പ്രവർത്തനത്തിനായി നിയോഗിച്ചിരിക്കുന്നത്. ബാക്കി അതാത് ഇൻസ്റ്റിറ്റ്യൂഷനിലെ ജീവനക്കാരെ കൂടി ഉപയോഗിച്ച് ഒരു പഞ്ചായത്തിൽ ഒരു ദിവസം എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിലെ 5 ഗ്രാമപഞ്ചായത്തുകളിലും ഈ സേവനം ലഭിക്കും.