കർണാടകയെപ്പോലും നയിച്ചതായി തോന്നുന്നില്ല; കെ എൽ രാഹുലിനെ രൂക്ഷമായി വിമർശിച്ച് ഗാവസ്കർ

ക്യാപ്റ്റൻ എന്ന നിലയിലുളള കെ എൽ രാഹുലിൻ്റെ പ്രകടനത്തെ നിശിതമായി വിമർശിച്ച് സുനിൽ ഗാവസ്കർ. രാഹുൽ കർണാടകയെപ്പോലും നയിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ലെന്ന് ഗാവസ്കർ തുറന്നടിച്ചു. ജോഹന്നാസ്ബർഗിലെ രണ്ടാം ടെസ്റ്റിലും പാളിലെ ഒന്നാം ഏകദിനത്തിലും നേരിട്ട പരാജയത്തിൻ്റെ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ ക്രിക്കറ്റിൻ്റെ യശസ്സ് ഉയർത്തിയ ഇതിഹാസ താരത്തിൻ്റെ പ്രതികരണം.

ബൊളാൻഡ് പാർക്കിൽ ഇന്ത്യൻ ആക്രമണത്തെ ടെംബ ബാവുമയും റാസി വാൻ ഡെർ ഡസ്സനും ചേർന്ന് തകർത്തു കളയുമ്പോൾ രാഹുലിന് ഒന്നും മനസ്സിലായില്ല. ഒരു കൂട്ടുകെട്ട് ആകുമ്പോൾ ചിലപ്പോൾ ക്യാപ്റ്റൻ ആശയക്കുഴപ്പത്തിൽ ആകാറുണ്ട്. അതാണ് സംഭവിച്ചതെന്ന് കരുതുന്നു. ബാറ്റ് ചെയ്യാൻ വളരെ നല്ല പിച്ചായിരുന്നു അതെന്ന് ഗാവസ്കർ പറഞ്ഞു.

രാഹുലിന് ആശയങ്ങൾ തീർന്നു പോയതുപോലെ തോന്നി. എന്തു ചെയ്യണമെന്ന് അയാൾക്ക് അറിയില്ലായിരുന്നു. ബുംറയെയും ഭുവനേശ്വറെയും പോലെ ഏറ്റവും പരിചയസമ്പന്നരായ രണ്ട് ഡെത്ത് ഓവർ ബൗളർമാർ ഉള്ളപ്പോൾ, അവസാന 5-6 ഓവറുകൾ അവരെ നിലനിർത്തണം. വലിയ സ്കോറുമായി എതിരാളികൾ മുന്നേറുന്നത് തടയാൻ കഴിയണമായിരുന്നു.

എന്നാൽ രാഹുൽ ക്യാപ്റ്റൻസിയുടെ ആദ്യ നാളുകളിൽ ആണെന്നും ഒരുപക്ഷേ കാര്യങ്ങൾ മാറിമറിഞ്ഞേക്കാമെന്നും ഗാവസ്കർ പിന്നീട് വാക്കുകൾ അൽപ്പം മയപ്പെടുത്തി.

Related Posts