കന്നിമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും.. കാത്തിരിപ്പിന് അവസാനം.. തൃശ്ശൂരിൽ കന്നിമാസത്തിലെ ശുഭമുഹൂർത്തത്തിൽ നായകൾ വിവാഹിതരായി

തൃശൂർ: നീണ്ട കാത്തിരിപ്പിന് ശേഷം ആക്സിഡ് അവൻ്റെ ജീവിതസഖിയെ സ്വന്തമാക്കി. കന്നിമാസം പിറന്നോ എന്ന് അറിയാൻ നായകൾക്ക് കലണ്ടർ നോക്കേണ്ട എന്നാണല്ലോ. ചിങ്ങമാസം എങ്ങനെയെങ്കിലും തീർന്ന് കന്നിമാസം എത്തിയാൽ മതിയെന്ന ആക്സിഡിൻ്റെയും ജാൻവിയുടെയും കാത്തിരിപ്പാണ് ഇന്ന് അവസാനിച്ചത്. കന്നിമാസത്തിലെ ശുഭമുഹൂർത്തത്തിൽ ആക്സിഡും ജാൻവിയും വിവാഹിതരായി.

വാടാനപ്പിള്ളി സ്വദേശികളായ ഷെല്ലിയുടെയും മക്കളുടെയും വീട്ടിലെ ബീഗിൾ ഇനത്തിൽ പെട്ട നായയാണ് ആക്സിഡ്. ആക്സിഡ് വലുതായി ഇനി അവനൊരു തുണ വേണ്ടേ എന്ന വീട്ടുകാരുടെ ചിന്ത അറേഞ്ച്ഡ് മാര്യേജിലേക്ക് വഴിയൊരുക്കുകയായിരുന്നു. നിരവധി ആലോചനകൾക്കൊടുവിൽ പുന്നയൂർക്കുളത്തുനിന്നാണ് ബീഗിൾ ഇനത്തിൽപ്പെട്ട കുടുംബത്തിൽ കയറ്റാൻ യോഗ്യയായ, സുന്ദരിയായ ആക്സിഡിൻ്റെ ജീവിതസഖി ജാൻവിയെ കണ്ടെത്തിയത്. ഇന്ന് രാവിലെ 11 നും 12 നുമിടയ്ക്ക് പുന്നയൂർക്കുളത്തെ കുന്നത്തൂർമന ഹെറിറ്റേജിലായിരുന്നു ഇവരുടെ വിവാഹം. ആക്സിഡിൻ്റെ വാടനപ്പിള്ളിയിലെ വീട്ടിലേക്ക് ജാൻവി ഇന്ന് വലത് കാൽ വച്ച് കയറുകയാണ്.

വിവാഹം മാത്രമല്ല പ്രീ വെഡിംഗ് ഫോട്ടോ ഷൂട്ട്, സേവ് ദ ഡേറ്റ് എന്നിങ്ങനെയുള്ള ന്യൂജൻ ചടങ്ങുകൾ എല്ലാം ഉണ്ടായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അമ്പതോളം പേരാണ് ആക്സിഡിൻ്റെയും ജാൻവിയുടെയും വിവാഹത്തിൽ പങ്കെടുത്തത്.

Related Posts