ഗാർഹിക പീഡന പരാതികളിൽ ഉടൻ അന്വേഷണം നടത്തണം : ഡിജിപി അനിൽകാന്ത്

ഗാർഹിക പീഡന പരാതികളിൽ ഉടൻ അന്വേഷണം നടത്തണമെന്ന് പൊലീസ് യോഗത്തിൽ ഡിജിപി അനിൽകാന്തിന്റെ നിർദേശം. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പ്രത്യേക ജാഗ്രതവേണമെന്നും പോക്‌സോ കേസുകളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്നും ഡിജിപി കർശന നിർദേശം നൽകി.

കോടതികൾക്ക് മുമ്പാകെയുള്ള കേസുകളിൽ ആവശ്യമായ രേഖകൾ സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ നടപടിയെടുക്കണമെന്നും വാഹനാപകടങ്ങൾ കുറയ്ക്കുന്നതിന് ആവശ്യമായ നടപടി കൈക്കൊള്ളണമെന്നും ഓൺലൈനിൽ ലഭിക്കുന്ന പരാതികളിൽ ഫലപ്രദമായ നടപടിയെടുക്കണമെന്നും രാത്രിയിലും പൊലീസ് പട്രോളിംഗ് സജീവമാക്കണമെന്നും യോഗത്തിൽ ഡിജിപി നിർദേശിച്ചു. എഡിജിപി റാങ്ക് മുതൽ എസ്പി റാങ്ക് വരെയുള്ള ഉദ്യോഗസ്ഥരാണ് കൊവിഡ് വ്യാപനത്തിന് ശേഷം നടന്ന ആദ്യ യോഗത്തിൽ പങ്കെടുത്തത്.

ആലുവയിലെ നിയമവിദ്യാർഥിനിയുടെ ആത്മഹത്യയും, ആറ്റിങ്ങലിലെ പിങ്ക് പൊലീസിൻറെ വിചാരണയും ഉൾപ്പടെ പൊലീസിനുണ്ടായ വീഴ്ചകളുടെ കൂടി പശ്ചാത്തലത്തിലാണ് ഡിജിപിയുടെ നിർദേശം.

Related Posts