ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ; വ്യാഴാഴ്ച കോടതിയിൽ ഹാജരാകണം
2020-ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുറ്റക്കാരൻ. ഇതാദ്യമായാണ് ഒരു മുൻ അമേരിക്കൻ പ്രസിഡന്റ് തുടർച്ചയായി ക്രിമനൽ കേസുകളിൽ പ്രതിയാകുന്നത്. ട്രംപിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. രാജ്യത്തെ കബളിപ്പിക്കൽ, ഔദ്യോഗിക നടപടികൾ തടസപ്പെടുത്തൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ട്രംപിനെതിരെ പുതിയതായി ചുമത്തിയിരിക്കുന്നത്. 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. നാളെ ഹാജരാകണമെന്ന് ട്രംപിന് ഫെഡറൽ കോടതി നിർദേശം നൽകിയിട്ടുണ്ട്.
2020 ൽ സുതാര്യമായും നീതിയുക്തമായും തെരഞ്ഞെടുപ്പ് നടത്തുന്നത് അട്ടിമറിക്കാൻ ഡൊണാൾഡ് ട്രംപ് ഗൂഢാലോചന നടത്തിയെന്നായിരുന്നു പരാതി. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും തെറ്റായ അവകാശവാദങ്ങളുന്നയിച്ച് ട്രംപ് അധികാരത്തിൽ തുടർന്നുവെന്ന് ജൂറി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡന് സമാധാനപരമായി അധികാരം കൈമാറാതെ ട്രംപ് നടപടികൾ വൈകിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനായി ട്രംപ് ഗൂഢാലോചന നടത്തിയതായും ജൂറിയ്ക്ക് ബോധ്യപ്പെട്ടു.
അധികാരത്തിൽ തുടരുന്നതിനായി ട്രംപ് ബോധപൂർവം തന്നെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചെന്നും സ്വന്തം നേട്ടത്തിനായി രാജ്യത്ത് അവിശ്വാസത്തിന്റേയും രോഷത്തിന്റേയും അന്തരീക്ഷം സൃഷ്ടിച്ചെന്നും തെരഞ്ഞെടുപ്പിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കാൻ ശ്രമിച്ചെന്നും സ്പെഷ്യൽ കൗൺസിൽ അന്വേഷണത്തിൽ കണ്ടെത്തി.