സ്വന്തമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം രൂപീകരിച്ച് ഡൊണാൾഡ് ട്രമ്പ്
അമേരിക്കയുടെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം രൂപീകരിച്ചതായി പ്രഖ്യാപിച്ചു. 'ട്രൂത്ത് സോഷ്യൽ' എന്നാണ് സാമൂഹ്യ മാധ്യമത്തിന് പേര് നൽകിയിരിക്കുന്നത്. നുണ പ്രചരണത്തിന്റെ പേരിൽ ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങൾ ട്രമ്പിന് വിലക്ക് കൽപ്പിച്ചിരുന്നു. അതോടെയാണ് സോഷ്യൽ നെറ്റ് വർക്കിങ്ങിന് സ്വന്തമായി ഒരു കമ്പനി തന്നെ രൂപീകരിച്ചാലോ എന്ന ചിന്തയിലേക്ക് ശതകോടീശ്വരനായ ട്രമ്പ് എത്തുന്നത്. ട്രൂത്ത് സോഷ്യലിൻ്റെ ബീറ്റാ വേർഷൻ അടുത്ത മാസം പുറത്തിറക്കുമെന്ന് ട്രമ്പ് പറഞ്ഞു. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് ബീറ്റാ വേർഷൻ അടുത്ത മാസം മുതൽ ലഭിച്ചു തുടങ്ങുന്നത്.
ട്രമ്പ് മീഡിയ ആന്റ് ടെക്നോളജി ഗ്രൂപ്പിന് (ടി എം ടി ജി) കീഴിലാണ് സോഷ്യൽ മീഡിയ കമ്പനി നിലവിൽ വരുന്നത്. യൂട്യൂബ് മോഡൽ വീഡിയോ ഷെയറിങ്ങ് പ്ലാറ്റ്ഫോം രൂപീകരിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. വൻകിട ടെക്നോളജി കമ്പനികളുടെ സമഗ്രാധിപത്യത്തിനെതിരെയുള്ള ചുവടുവെപ്പാണ് ട്രൂത്ത് സോഷ്യലും ടി എം ടി ജി യും നടത്തുന്നതെന്ന് ട്രമ്പ് പറഞ്ഞു. അമേരിക്കയുടെ പ്രിയപ്പെട്ട മുൻ പ്രസിഡന്റിന് പോലും ശബ്ദമില്ലാത്ത ട്വിറ്ററിൽ താലിബാന്റെ ശക്തമായ സാന്നിധ്യമുണ്ടെന്ന് ട്രമ്പ് കുറ്റപ്പെടുത്തി. ഇത് അംഗീകരിക്കാനാവില്ല.