ഡോണൾഡ് ട്രംപിനെ വധിക്കും; വധ ഭീഷണി ആവർത്തിച്ച് ഇറാൻ
ദുബായ്: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ വധിക്കുമെന്ന് ആവർത്തിച്ച് ഇറാൻ. മുതിർന്ന ഇറാനിയൻ കമാൻഡറെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാനിലെ റെവല്യൂഷണറി ഗാർഡ്സ് എയ്റോസ്പേസ് ഫോഴ്സ് മേധാവി അമീറലി ഹാജിസാദെ ആണ് ട്രംപിനെതിരെ വധഭീഷണി മുഴക്കിയത്. 1,650 കിലോമീറ്റർ ദൂരപരിധിയുള്ള ക്രൂയിസ് മിസൈൽ ഇറാൻ വികസിപ്പിച്ചതായി ഔദ്യോഗിക മാധ്യമങ്ങളോട് സംസാരിച്ച ഹാജിസാദെ പറഞ്ഞു. പാവെ ക്രൂയിസ് മിസൈൽ എന്നാണ് ഇതിന്‍റെ പേര്. 2020 ൽ ബാഗ്ദാദിൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ മരണത്തിന് പ്രതികാരം ചെയ്യുക എന്നതാണ് ഇറാന്‍റെ ലക്ഷ്യം. ട്രംപിനെയും മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയെയും സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ട സൈനിക കമാൻഡർമാരെയും വധിക്കുമെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.